മോസ്കോയിലെ ഭീകരാക്രമണത്തിനിടയിലും യുക്രൈനെതിരായ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈന് തലസ്ഥാനത്തേക്ക് എത്തിയ 18 റഷ്യന്‍ മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈന് അവകാശപ്പെട്ടു. പ്രാദേശിക സമയം 5 മണിക്കാണ് കീവിന് നേരായ റഷ്യന്‍ ആക്രമണം ഉണ്ടായത്. ആളുകള്‍ മെട്രോ സ്റ്റേഷനുകളില്‍ അടക്കം അഭയം പ്രാപിച്ചതിനാല്‍ വലിയ രീതിയിലുള്ള ആള്‍നാശമുണ്ടായില്ലെന്നും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെന്നുമാണ് കീവ് വിശദമാക്കുന്നത്.
യുക്രൈന്റെ പടിഞ്ഞാറന്‍ മേഖലയായ ലീവിവില്‍ 20 മിസൈലുകളും 7 ഡ്രോണുകളും നിര്‍ണായകമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. റഷ്യന്‍ ക്രൂയിസ് മിസൈലുകളിലൊന്ന് നാറ്റോ അംഗമായ പോളണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായാണ് സേന വിശദമാക്കുന്നത്.
അതേസമയം റഷ്യന്‍ സൈന്യം ക്രിമിയയില്‍ 10 യുക്രൈന് മിസൈലുകള്‍ വെടിവെച്ചിട്ടതായാണ് ക്രിമിയയിലെ സെവസ്റ്റോപോള്‍ തുറമുഖ ഗവര്‍ണര്‍ പറഞ്ഞത്. ക്രിമിയയിലെ ആക്രമണത്തില്‍ ഒരു ഓഫീസ് കെട്ടിടവും ഗ്യാസ് ലൈനും തകര്‍ന്നതായും, ഒരു സ്ത്രീക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. യുക്രൈന് നേരെ വെള്ളിയാഴ്ച ഡസന്‍ കണക്കിന് മിസൈലുകളാണ് റഷ്യ തൊടുത്ത് വിട്ടത്. ഇവയിലൊന്ന് യുക്രൈനിലെ ഏറ്റവും വലിയ അണക്കെട്ടില്‍ പതിച്ചിരുന്നു. ഇതിന് പിന്നാലെ പല മേഖലയിലേയും വൈദ്യുതി നിലച്ചിരുന്നു.