Sunday, November 24, 2024

ജലക്ഷാമം രൂക്ഷമാവുന്നു; കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവര്‍ക്ക് പിഴ ചുമത്തി ബംഗളുരു അധികൃതര്‍

കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവില്‍ ജല ദുരുപയോഗം തടയാന്‍ കടുത്ത നടപടികളുമായി അധികൃതര്‍. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. കാര്‍ കഴുകുക, ചെടികള്‍ക്ക് വെള്ളമൊഴിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 5000 രൂപ വീതം പിഴ ഈടാക്കിയത്.

22 കുടുംബങ്ങളില്‍ നിന്ന് പിഴ ഇനത്തില്‍ 1.10 ലക്ഷം രൂപ ഈടാക്കിയതായി ബംഗളുരു വാട്ടര്‍ സപ്ലെ ആന്റ് സ്വീവേജ് ബോര്‍ഡ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജല ദുരുപയോഗം കണ്ടെത്തിയത്. ഇതില്‍ തന്നെ 80,000 രൂപയോളം ഇടാക്കിയതും നഗരത്തിന്റെ തെക്കന്‍ പ്രദേശത്തു നിന്നായിരുന്നു.

കടുത്ത ജലദൗര്‍ലഭ്യം കണക്കിലെടുത്ത് പരമാവധി കുറച്ച് വെള്ളം ഉപയോഗിക്കണമെന്ന് നേരത്തെ വാട്ടര്‍ സപ്ലെ ആന്റ് സ്വീവേജ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. വാഹനങ്ങള്‍ കഴുകാനോ, നിര്‍മാണ ആവശ്യങ്ങള്‍ക്കോ, വിനോദ പരിപാടികള്‍ക്കോ വേണ്ടി കുടിവെള്ളം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരില്‍ നിന്ന് അധിക പിഴയായി 500 രൂപ വീതം ഈടാക്കും. ഹോളി ആഘോഷങ്ങളുടെ ഭാഗമായി പൂള്‍ പാര്‍ട്ടികളും മഴ നൃത്തങ്ങളും നടത്തുമ്പോഴും കുടിവെള്ളം പാഴാക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവില്‍ ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും ജല ഉപയോഗം കുറയ്ക്കാന്‍ എയറേറ്ററുകള്‍ സ്ഥാപിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. രാജ്യത്തിന്റെ ഐടി തലസ്ഥാനമായി അറിയപ്പെടുന്ന നഗരത്തില്‍ കുടിവെള്ള ക്ഷാമം കാരണം പല സ്ഥാപനങ്ങളും വീണ്ടും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറി. ഭക്ഷണം കഴിക്കാന്‍ ഡിസ്‌പോസിബില്‍ പാത്രങ്ങള്‍ ഉപയോഗിച്ചും ടോയിലറ്റ് ഉപയോഗത്തിന് മാളുകളെ ആശ്രയിച്ചുമൊക്കെയാണ് ബംഗളുരു നിവാസികള്‍ ജല ദൗര്‍ലഭ്യം മറികടക്കുന്നത്.

പ്രതിദിനം വേണ്ട 2600 മില്യന്‍ ലിറ്റര്‍ വെള്ളത്തില്‍ ഏതാണ്ട് 500 മില്യന്‍ ലിറ്ററിന്റെ കുറവാണ് ഇപ്പോഴുള്ളത്. ആകെ ആവശ്യത്തിന്റെ 1470 മില്യന്‍ ലിറ്ററും കാവേരി നദിയില്‍ നിന്നാണ് ബംഗളുരു നഗരത്തിലെത്തിയിരുന്നത്. 650 മില്യന്‍ ലിറ്റര്‍ വെള്ളം കുഴല്‍ക്കിണറുകളില്‍ നിന്നും ലഭിച്ചിരുന്നു.

 

Latest News