കഡുന സ്റ്റേറ്റിലെ കഫന്‍ചാന്‍ രൂപതയിലെ ഫദന്‍ കമന്താനിലെ സെന്റ് റാഫേല്‍ ഇടവകയ്ക്ക് നേരെ ആക്രമണം നടത്തുകയും ഒരു യുവ സെമിനാരിക്കാരനെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തില്‍ ആക്രമി സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മാര്‍ച്ച് 22 ന് കടുനയില്‍ വെച്ചാണ് ആക്രമണം നടത്തിയ സംഘത്തിലെ പ്രധാനിയായ യാക്കൂബു സെയ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബറില്‍ കഫന്‍ചാന്‍ രൂപതയിലെ ഫാദന്‍ കമന്തയിലെ സെന്റ് റാഫേല്‍ കത്തോലിക്കാ ദേവാലയം ആക്രമത്തിച്ച സംഘത്തിലെ പ്രധാനി താനായിരുന്നു എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഈ ആക്രമണത്തില്‍ ആണ് 25 വയസ് ഉള്ള സെമിനാരിയന് സ്റ്റീഫന്‍ നഅമാന് ദന്ലാഡി കൊല്ലപ്പെടുന്നത്.
മെയ് 23 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ജസുന സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ചീഫ് എഎസ്പി മന്‍സിര്‍ ഹസ്സന് സൈനിക ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് വെളിപ്പെടുത്തി. ‘സംഭവത്തെ കുറിച്ച് അറിയിപ്പ് ലഭിച്ച ഉടന്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥരുമായി സഹകരിച്ച്, സംഭവസ്ഥലത്തേക്ക് വേഗത്തില്‍ പുറപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് തന്നെ സംശയാസ്പദമായ രീതിയില്‍ പുരോഹിതന്റെ വസതിക്ക് ആക്രമികള്‍ തീയിട്ടിരുന്നു. ഇതില്‍ ഒരു സെമിനാരിക്കാരന് കൊല്ലപ്പെട്ടു. കൂടാതെ ഹോണ്ട വാഹനവും മോട്ടോര്‍ സൈക്കിളും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് മൂല്യമുള്ള സ്വത്തുക്കള്‍ അഗ്നിക്കിരയായി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണങ്ങളുടെ ഫലമായി ആണ് പ്രതികളില്‍ ഒരാള്‍ പിടിക്കപ്പെട്ടത്’- എഎസ്പി മന്‍സിര്‍ ഹസ്സന് പ്രസ്താവനയില്‍ പറഞ്ഞു.
ഇടവകയില്‍ സേവനമനുഷ്ഠിച്ച രണ്ട് വൈദികരെ തട്ടിക്കൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വൈദിക വസതിക്കു തീയിട്ടതെന്നു യാക്കൂബു സെയ്ദു വെളിപ്പെടുത്തി.