Sunday, November 24, 2024

ന്യൂയോര്‍ക്കിലെ കപ്പലപകടം; 22 ഇന്ത്യക്കാരും സുരക്ഷിതര്‍; കാണാതായ ആറു പേര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതര്‍. അപകടത്തില്‍ പുഴയില്‍ വീണ രണ്ടു പേരെ രക്ഷപ്പെടുത്തി. അതില്‍ ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തില്‍ ഏഴുപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

പാലത്തിന്റെ പ്രധാന തൂണുകളിലൊന്നില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗം അപകടത്തില്‍ തകര്‍ന്നുവീഴുകയുംചെയ്തു. തുടര്‍ന്ന് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങളും വെള്ളത്തിലേക്ക് പതിച്ചു.

അതേസമയം കാണാതായ ആറ് പേരെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചു. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ പാലത്തിന് മധ്യത്തിലായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. അപകടശേഷം ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവര്‍ക്ക് ജീവഹാനി സംഭവിച്ചിരിക്കാമെന്നാണ് വിലയിരുത്തുന്നത്.

അപകടത്തില്‍പ്പെട്ട കപ്പല്‍ നിലവില്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, മലയാളിയ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെതാണ് സിനര്‍ജി കമ്പനി. അപകടം നടക്കുമ്പോള്‍ കപ്പലില്‍ ഉണ്ടായിരുന്നതെല്ലാം ഇന്ത്യക്കാരായ ജീവനക്കാരായിരുന്നു.

അപകടത്തില്‍ നിരവധി വാഹനങ്ങളും പാലത്തിലുണ്ടായിരുന്ന ഇരുപതോളം പേരും നിരവധി വാഹനങ്ങളും നദിയില്‍ വീണിട്ടുണ്ടെന്നാണ് ബാല്‍ട്ടിമോര്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് കെവിന്‍ കാര്‍ട്ട്‌റൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ എട്ട് നിര്‍മാണത്തൊഴിലാളികളും പടാപ്സ്‌കോ നദിയിലേക്ക് വീണിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തൊഴിലാളികളില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും കാണാതായ മറ്റ് ആറ് പേര്‍ മരിച്ചിക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന പ്രതികരണം. അപകട സമയവും പുഴയുടെ ആഴവും ഏറെ പ്രധാനമാണെന്നും അപകടത്തില്‍പ്പെട്ട നിര്‍മ്മാണ തൊഴിലാളികളുടെ കമ്പനിയായ ബ്രൗണര്‍ ബില്‍ഡേഴ്സിലെ സീനിയര്‍ എക്സിക്യൂട്ടീവ് ജെഫ്രി പ്രിറ്റ്സ്‌കര്‍ പറഞ്ഞു.

 

Latest News