രാജ്യത്ത് തൊഴില്‍ രഹിതരായവരില്‍ 83 ശതമാനം പേരും യുവജനങ്ങളാണെന്ന റിപ്പോര്‍ട്ട് പുറത്ത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റും (ഐഎച്ച്ഡി) സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ തൊഴില്‍രംഗം നേരിടുന്ന ഗുരുതര പ്രതിസന്ധി ചൂണ്ടികാണിക്കുന്നത്. രാജ്യത്ത് തൊഴില്‍ രംഗം നൂറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
തൊഴില്‍ രഹിതരായ യുവജനങ്ങളില്‍ തന്നെയുള്ള കണക്കുകളില്‍ പത്താം ക്ലാസ് പാസായവരുടെ തൊഴില്‍ നഷ്ട്ടം 2000 ല്‍ 35 ശതമാനം എന്നത് 2024 ല്‍ 65 ശതമാനമായി ഉയര്‍ന്നു. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയതിന് ശേഷം വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്കും വര്‍ധിക്കുകയാണ്. ഉന്നത വിദ്യഭ്യാസത്തിന്റെ തോത് കൂടുന്നുണ്ടെങ്കിലും അത് കൊണ്ടുള്ള പ്രയോജനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.
വിദ്യാസമ്പന്നരായ യുവജനങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷം
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റും പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം വിദ്യാസമ്പന്നരായ യുവജനങ്ങളിലാണ് എന്നാണ്. കോവിഡ് ലോക് ഡൗണ്‍ സമയത്തേക്കാള്‍ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തൊഴില്‍ സേന പങ്കാളിത്ത നിരക്കും, തൊഴില്‍ ജന സംഖ്യയാനുപാതവും കുത്തനെ ഇടിഞ്ഞു. തൊഴില്‍ പങ്കാളിത്ത നിരക്ക് 2000-ല്‍ 54 ശതമാനത്തില്‍ നിന്ന് 2022-ല്‍ 42 ശതമാനമായി കുറഞ്ഞു. സ്ഥിരം തൊഴില്‍ ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വേതനത്തില്‍ വലിയ കുറവ് സംഭവിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് സൂചികയില്‍ ഏറ്റവും താഴെയുള്ളത്.