Sunday, November 24, 2024

യുവതിയെ അര്‍ധനഗ്‌നയാക്കി ഹമാസിന്റെ വിജയപ്രകടനം ഈ വര്‍ഷത്തെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു; വ്യാപക വിമര്‍ശനം

മിസോറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഈ വര്‍ഷത്തെ മികച്ച ചിത്രത്തിന് നല്‍കിയ പുരസ്‌കാരത്തിന് വ്യാപക വിമര്‍ശനം. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിന് ശേഷം ഗാസയിലെ തെരുവുകളിലൂടെ ജര്‍മ്മന്‍ വിനോദസഞ്ചാരിയുടെ നഗ്‌നശരീരവുമായി ഹമാസ് പ്രവര്‍ത്തകര്‍ പരേഡ് ചെയ്യുന്ന ഫോട്ടോയാണ് ഫോട്ടോ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയത്. വിനോദസഞ്ചാരിയായ 23 കാരിയായ ഷാനി ലൂക്കിനെ ആക്രമണത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസമാദ്യം പിക്‌ചേഴ്‌സ് ഓഫ് ദ ഇയര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് വിഭാഗത്തില്‍ ഒന്നാം സമ്മാനം അസോസിയേറ്റഡ് പ്രസിന്റെ (എപി) ഈ ചിത്രത്തിനായിരുന്നു.

മിസോറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിലെ ഡൊണാള്‍ഡ് ഡബ്ല്യു റെയ്‌നോള്‍ഡ്‌സ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. പുരസ്‌കാരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. ഇന്ന് പത്രപ്രവര്‍ത്തന മേഖലയേയും ലോകത്തേയും സംബന്ധിച്ച് ഒരു കറുത്ത ദിവസമാണെന്നുവരെ അഭിപ്രായമുയര്‍ന്നു. ടെറര്‍ അശ്ലീലവും നെക്രോഫീലിയയുമാണ് ഇപ്പോള്‍ റെയ്‌നോള്‍ഡ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫോട്ടോ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടുന്നതിനുള്ള മാനദണ്ഡമെന്നും വിമര്‍ശനമുയര്‍ന്നു. പുരസ്‌കാരം പ്രഖ്യാപിച്ച് സംഘാടകര്‍ ചിത്രം ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഫോട്ടോ നീക്കം ചെയ്തു.

ഗാസ അതിര്‍ത്തിക്കടുത്തുള്ള സൂപ്പര്‍നോവ സംഗീതോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഷാനി ലൂക്ക് ഹമാസിനാല്‍ ബന്ദിയാക്കപ്പെട്ടത്. ഒരു പിക്കപ്പ് ട്രക്കിന് പിന്നില്‍ അര്‍ധനഗ്‌നയാക്കിയ ലൂക്കിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ഷാനി ലൂക്കിന് ജര്‍മ്മന്‍, ഇസ്രായേല്‍ പൗരത്വമുണ്ടായിരുന്നു.

 

Latest News