കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മിണ്ടാപ്രാണികളായ മൃഗങ്ങളേയും കൊല്ലുന്നുവെന്ന പരാതിയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. ഷാങ്ഹായില്‍ ഒരു കോവിഡ് ബാധിതന്റെ വളര്‍ത്തു നായയെ ആരോഗ്യ പ്രവര്ത്തകന് തല്ലിക്കൊല്ലുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്ത്തകന് കൈക്കോട്ട് ഉപയോഗിച്ച് നായയെ കൊല്ലുന്നതായിരുന്നു വിഡിയോയില്‍ ഉള്ളത്. ഈ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്.
കോവിഡ് ബാധിതരായവരെ ബസില്‍ കയറ്റി ക്വാറന്റീന് കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് ഉടമസ്ഥന് തന്റെ പ്രിയപ്പെട്ട നായകളെ തെരുവിലേക്കിറക്കിയിരുന്നു. ഉടമസ്ഥര്‍ കൂടെയില്ലാത്ത ദിവസങ്ങളില്‍ ഭക്ഷണം കിട്ടാതെ അവര്‍ വലയാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ നായ വീടിന് സമീപം തന്നെ നില്‍ക്കുകയും ഉടമസ്ഥനെ കൊണ്ടുപോയ വാഹനത്തിന് പുറകെ ഓടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ കൈക്കോട്ട് ഉപയോഗിച്ച് ഇതിനെ കൊന്നത്. ഇതാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്.
കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നായ കോവിഡ് പരത്തുമെന്ന ഭീതിയാണ് കൊല്ലാന്‍ കാരണമെന്ന് തദ്ദേശീയ ഭരണകൂടങ്ങള്‍ നല്കുന്ന വിശദീകരണം. ഉടമസ്ഥന് നഷ്ടപരിഹാരം നല്‍കുമെന്ന അധികൃതരുടെ വിശദീകരണവും ആളുകളെ പ്രകോപിപ്പിച്ചു. ക്രൂരമായി ഒരു ജീവനെ ഇല്ലാതാക്കിയിട്ട് നഷ്ടപരിഹാരം നല്കിയാല് മതിയോ എന്ന ചോദ്യവും ഉയര്‍ന്നു.
ഇത് ചൈനയിലെ ആദ്യത്തെ സംഭവമല്ല ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ചൈനയില്‍ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഹാര്‍ബിന്‍ നഗരത്തില്‍ മൂന്നു പൂച്ചകളെയും കൊവിഡ് തടയിടാനായി കൊന്നിരുന്നു. ആളുകള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനാണ് ഇത് വഴിവെച്ചത്. മൃഗങ്ങളില്‍ നിന്നും കൊവിഡ് പിടിപെടുമെന്ന ഭീതിയിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.