അരുണാചല്‍ പ്രദേശില്‍ അവകാശം ഉന്നയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര് നല്കി ചൈന. ഇത്തരത്തില്‍ പേരുമാറ്റുന്ന നാലാമത്തെ പട്ടികയാണ് ചൈന പുറത്തുവിടുന്നത്. എന്നാല്‍ അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മറുപടി നല്കി.
അരുണാചല്‍ പ്രദേശിന് മേലുള്ള അവകാശവാദം ആവര്‍ത്തിച്ച് ചൈനീസ് സൈന്യം നേരത്തെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കരുതെന്ന ചൈനയുടെ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ച് ദിവസങ്ങള്‍ക്കകമാണ് ചൈനീസ് സൈന്യത്തിന്റെ അവകാശവാദം പുറത്ത് വന്നത്. ‘ഷിസാങ്ങിന്റെ (ടിബറ്റിന്റെ ചൈനീസ് പേര്) തെക്കന്‍ ഭാഗം ചൈനയുടെ പ്രദേശത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ച അരുണാചല്‍ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ ഷാങ് സിയാവോങ് പറഞ്ഞതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നാണ് ചൈനയുടെ പേര് മാറ്റത്തെ തള്ളി ഇന്ത്യ പ്രതികരിച്ചത്. ‘ഇന്ന് ഞാന്‍ നിങ്ങളുടെ വീടിന്റെ പേര് മാറ്റി, അത് എന്റേതാകുമോ? അരുണാചല്‍ എന്നും ഇന്ത്യയുടേതാണ്. നാളെയും അങ്ങനെത്തന്നെയായിരിക്കും. പേര് മാറ്റുന്നതൊന്നും ബാധിക്കില്ല’- വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. നിയന്ത്രണരേഖയില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാദ്യമായല്ല ഇന്ത്യയുടെ അധികാരപരിധിയിലുള്ള സ്ഥലങ്ങളുടെ പേരുമാറ്റാന്‍ ചൈന ശ്രമിക്കുന്നത്. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനീസ് സിവില്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ നടപടി . അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ട് 2017ലാണ് ആദ്യ പട്ടിക പുറത്തുവന്നത്. 2021 ല്‍ രണ്ടാംഘട്ട പട്ടിക പുറത്തുവന്നു. ഇതില്‍ 15 സ്ഥലങ്ങളാണ് ഉണ്ടായിരുന്നത്. 2023 ല്‍ 11 സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി മൂന്നാമത്തെ പട്ടിക പുറത്തുവന്നു.