ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ റോളക്സ് വാച്ചുമായി ബന്ധപ്പെട്ട് പ്രസിഡന്റ് അന്വേഷണം നേരിടുന്നതിന് പിന്നാലെ ആറ് ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവെച്ചു. പ്രസിഡന്റ് ദിന ബോലുവാര്‍ത്തെക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. റോളക്സിന്റെ വിലപിടിപ്പുള്ള ആഡംബര വാച്ചുകള്‍ ധരിച്ച് പ്രസിഡന്റ് പൊതുവേദിയില്‍ വന്നിരുന്നു. ഇതിന് പിന്നാലെ അഴിമതി ആരോപണം ഉണ്ടാവുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
റോളക്സ്ഗേറ്റ് വിവാദം പെറുവില്‍ കത്തിപ്പടരുന്നതിനിടയില്‍ ആഭ്യന്തര മന്ത്രി വിക്ടര്‍ ടോറസാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ വസതിയിലും ഓഫീസിലും ടോറസിന്റെ കീഴിലുള്ള പോലീസ് സേന റെയ്ഡ് നടത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം രാജിവെച്ചത്. പെറുവില്‍ പുതിയ പ്രധാനമന്ത്രി ഗുസ്താവോ അഡ്രിയാന്‍സെനും അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യാന്‍ ഇരിക്കുകയാണ്. ഇവര്‍ ഇനി കോണ്‍ഗ്രസിന് മുന്നില്‍ വോട്ടിങ്ങിന് പോവും. ഒരു മാസം മുമ്പാണ് ഈ വോട്ടിങ് നിശ്ചയിച്ചിരുന്നത്. രാജിവെച്ച ആറ് മന്ത്രിമാര്‍ക്ക് പകരം ആറ് പേരെ പുതിയ മന്ത്രിമാരായി അഴിമതി ആരോപണം നേരിടുന്ന പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രസിഡന്റ് ദിന ബോലുവാര്‍ത്തെയ്ക്ക് വിലപിടിപ്പുള്ള നിരവധി റോളക്സ് വാച്ചുകളും ടൈം പീസുകളും ഉണ്ടെന്ന വാര്‍ത്ത രാജ്യത്തെ ഒരു പ്രമുഖ വാര്‍ത്താചാനല്‍ പുറത്ത് വിട്ടതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മാര്‍ച്ച് പകുതിയിലാണ് വാര്‍ത്ത പുറത്തുവന്നത്. എങ്ങനെയാണ് ഇത്രയും വിലപിടിപ്പുള്ള വാച്ചുകള്‍ പ്രസിഡന്റ് വാങ്ങിക്കൂട്ടിയത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. വര്‍ഷം 55000 ഡോളര്‍ മാത്രമാണ് പ്രസിഡന്റിന്റെ വരുമാനം. 61കാരിയായ ബോലുവാര്‍ത്തെ ഇതുവരെ വിവാദവുമായി ബന്ധപ്പെട്ട് വിശദീകരണം നടത്തിയിട്ടില്ല.
താന്‍ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി ലഭിച്ചതാണ് ഈ വാച്ചുകള്‍ എന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. അഴിമതി അന്വേഷണം പ്രസിഡന്റിനെ ലക്ഷ്യം വെച്ച് തന്നെയാണ് മുന്നോട്ട് പോവുന്നത്. 2022ലാണ് പ്രസിഡന്റായി ബോലുവാര്‍ത്തെ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് നല്കിയ സ്വത്തുവിവരങ്ങളില്‍ തനിക്ക് ഇത്രയും വിലപിടിപ്പുള്ള വാച്ചുകള്‍ ഉണ്ടെന്ന വിവരം അവര്‍ നല്‍കിയിരുന്നില്ല. പോലീസ് നടത്തിയ റെയ്ഡില്‍ വാച്ചുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നതാണ് മറ്റൊരു കാര്യം. റോളക്സ്ഗേറ്റ് വിവാദത്തില്‍ വൈകാതെ തന്നെ അവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും.