ഗാസയില്‍ ഭക്ഷ്യവിതരണം നടത്തുന്ന ചാരിറ്റി സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ (ഡബ്ള്യു സി കെ) ഏഴ് ജീവനക്കാരെ വധിച്ച നടപടിയില്‍ വിശദീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. മനഃപൂര്‍വ്വമല്ല സഹായവിതരണ പ്രവര്‍ത്തകരെ ആക്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ഉണ്ടായ ദുരന്തത്തെ കുറിച്ച് പരിശോധന നടത്തിവരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായതൊക്കെ ചെയ്യുമെന്നും നെതന്യാഹു വിശദീകരിച്ചു.
ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളിലും വലിയ ദുരന്തങ്ങളിലും പെട്ടുപോകുന്ന ആളുകള്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനായി അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍. അതിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയ, യു കെ, അമേരിക്ക, സ്പെയിന്, പോളണ്ട് ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ ആരംഭിച്ച ആക്രമണത്തോടൊപ്പം മുനമ്പിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇസ്രയേല്‍ തടഞ്ഞിരുന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായവിതരണങ്ങള്ക്കും ഇസ്രയേല്‍ തടസങ്ങള്‍ സൃഷിടിക്കുന്നുണ്ട്. ഫെബ്രുവരി 29ന് ഗാസയില്‍ സഹായവിതരണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും നൂറോളം പലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചിരുന്നു.ഇസ്രയേലിന്റെ നടപടി വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന് നേരെ മാത്രമല്ല, മാനുഷിക സംഘടനകളെ ലക്ഷ്യം വച്ചുള്ളതാണെന്നായിരുന്നു ഡബ്ള്യു സി കെ ചീഫ് എക്സിക്യൂട്ടീവ് എറിന് ഗോറിന്റെ പ്രതികരണം. നടപടി മാപ്പര്‍ഹിക്കുന്നതല്ലെന്നും സംഘടന പറഞ്ഞു. പട്ടിണിയെ യുദ്ധത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നതിനെതിരെ ഐക്യരാഷ്ട്രസഭ വരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഏകദേശം 32916 പലസ്തീനികളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. 75,494 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
അതേസമയം, ഇസ്രയേലിനെ വിമര്‍ശിച്ചെങ്കിലും അവര്‍ മനഃപൂര്‍വം ചെയ്തതല്ലെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. ‘സന്നദ്ധപ്രവര്‍ത്തകര്‍ ഇസ്രായേല്‍ മനഃപൂര്‍വം ലക്ഷ്യം വെച്ചതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ അവരുടെ മരണത്തില്‍ നാം രോഷാകുലരാണ്. ഗാസയിലെ സഹായ തൊഴിലാളികളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇസ്രയേലിന് ബാധ്യതയുണ്ട്’ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ ആക്രമണത്തോടെ ഗാസയില്‍ കൊല്ലപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം 196 ആയി ഉയര്‍ന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ചൂണ്ടിക്കാട്ടി. മനസാക്ഷിക്ക് നിരക്കാത്ത നടപടികളാണ് ഇസ്രയേലിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു.