മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചാ നിരക്കും പണപെരുപ്പവും കാരണം ഒരു കോടിയോളം പാകിസ്ഥാനികള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ പോയേക്കുമെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. ലോകബാങ്ക് പുറത്തിറക്കിയ ”ദ്വിവാര്‍ഷിക പാകിസ്ഥാന് ഡെവലപ്മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട്” പ്രകാരം രാജ്യത്ത് പണപ്പെരുപ്പത്തില്‍ 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
നവീനമായ സാമ്പത്തിക പുരോഗമന പദ്ധതികള്‍ ഉണ്ടായിരുന്നിട്ടും രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ അപര്യാപ്തമായിരുന്നുവെന്ന് റിപ്പോര്‍ട്ടിന് നേതൃത്വം നല്കിയ സയ്യിദ് മുര്‍താസ മുസാഫരി പറഞ്ഞു. 98 ദശലക്ഷം പേര് ഇതിനോടകം രാജ്യത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.
പാകിസ്ഥാന്റെ ബജറ്റിന് ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചേക്കില്ലെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്കെങ്കിലും രാജ്യത്ത് കമ്മി ബജറ്റാവും നിലനില്‍ക്കുകയെന്നും ലോകബാങ്ക് സൂചിപ്പിച്ചു. രാജ്യത്ത് മിച്ച ബജറ്റിന്റെ ആവശ്യകത അന്താരാഷ്ട്ര നാണയ നിധി നിര്‍ബന്ധമാക്കിയ ഘട്ടത്തിലാണിത്. ദാരിദ്ര്യ നിരക്ക് 40 ശതമാനമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ച 1.8 ശതമാനത്തില്‍ തന്നെ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ദരിദ്രരായ ആളുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ നിന്നും അപ്രതീക്ഷിത നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ഉയര്‍ന്ന പണപ്പെരുപ്പവും നിര്‍മ്മാണ, വ്യാപാര മേഖലകളിലെ കുറഞ്ഞ വേതനവും വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണപ്പെരുപ്പം 30 ശതമാനത്തിന് മുകളില്‍ എത്തി നില്ക്കുമ്പോള് പോലും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ദിവസ വേതനം അഞ്ച് ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യാത്രാചെലവുകള്‍ ഉള്‍പ്പെടെ ജീവിത ചെലവ് രാജ്യത്ത് വര്‍ധിക്കുന്നതായും, ദരിദ്ര കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ പലപ്പോഴും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യവും ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുറഞ്ഞ കരുതല്‍ ശേഖരവും ഉയര്‍ന്ന പണപ്പെരുപ്പവും കാരണം പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ സമ്മര്‍ദ്ദത്തിലാണെന്നും ദാരിദ്ര്യം കുറയ്ക്കുവാനുള്ള ശ്രമങ്ങളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചേക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.