Monday, April 21, 2025

വിദേശനാണ്യ ശേഖരത്തില്‍ വന്‍ പ്രതിസന്ധി, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രണ്ട് ദിവസത്തെ അവധി; ശ്രീലങ്കയുടെ പാതയില്‍ നേപ്പാളും

ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രണ്ട് ദിവസത്തെ അവധി നല്‍കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. വിദേശനാണ്യ ശേഖരത്തില്‍ വന്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് നേപ്പാള്‍ സര്‍ക്കാര്‍ നടപടി. നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വച്ചത്. നേപ്പാള്‍ മന്ത്രിസഭ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നത് വന്‍ പ്രതിസന്ധിയാണ് നേപ്പാളിന് സൃഷ്ടിച്ചത്. ടൂറിസമാണ് നേപ്പാളിലെ പ്രധാന വ്യവസായങ്ങളിലൊന്ന്. കോവിഡിനെ തുടര്‍ന്ന് ടൂറിസം വ്യവസായത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇതും നേപ്പാളിന്റെ വിദേശനാണ്യ ശേഖരത്തില്‍ കുറവ് വരാന്‍ ഇടയാക്കി.

സബ്‌സിഡി നിരക്കില്‍ നേപ്പാളില്‍ എണ്ണവിതരണം നടത്തുന്നത് ഓയില്‍ കോര്‍പ്പറേഷനാണ്. വില ഉയര്‍ന്നത് മൂലം വലിയ നഷ്ടമാണ് ഓയില്‍ കോര്‍പ്പറേഷന്‍ നേരിടുന്നത്. അതേസമയം, ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും നിര്‍ദേശം പരിഗണനയിലാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കാന്‍ വില കൂടിയ കാറുകള്‍, സ്വര്‍ണം, ആഡംബര ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയിലും നേപ്പാള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest News