Sunday, November 24, 2024

കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി ന്യൂസിലന്‍ഡ്

ഓസ്‌ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലന്‍ഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങള്‍ അടിയന്തരമായി പരിഷ്‌കരിക്കാനാണു തീരുമാനം.

കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, തൊഴില്‍ വീസകള്‍ക്ക് മിനിമം വൈദഗ്ധ്യവും തൊഴില്‍ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാര്‍ക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വര്‍ഷത്തില്‍നിന്ന് മൂന്നു വര്‍ഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളാണു നടപ്പിലാക്കുന്നത്.

ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലുമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തു സെക്കന്‍ഡറി അധ്യാപകര്‍ക്കു ക്ഷാമം നേരിടുന്നതിനാല്‍ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നല്‍കി. കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉള്‍ക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡിനുശേഷമാണ് കുടിയേറ്റം വര്‍ധിച്ചുതുടങ്ങിയത്.

 

Latest News