Sunday, November 24, 2024

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശ്ശേരി രൂപതയും

‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെസിവൈഎം യൂണിറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. സിനിമ കാണണമെന്ന് കത്തോലിക്ക യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെസിവൈഎം ആരോപിച്ചു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പ്രതികരിച്ചു.

വിവാദ സിനിമ ദി കേരള സ്റ്റോറി കഴിഞ്ഞ ദിവസം ഇടുക്കി രൂപതയും പ്രദര്‍ശിപ്പിച്ചിരുന്നു. ബോധവത്കരണത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കോട്ട് പറഞ്ഞു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.

പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തില്‍ പറയുന്നു. അതില്‍ വര്‍ഗീയത കലര്‍ത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.

കുട്ടികള്‍ക്ക് മുന്നില്‍ ഒരിക്കലും ഒരു വര്‍ഗീയ ആശയത്തെക്കുറിച്ച് പറയാന്‍ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് രൂപതയുടെ മീഡിയ ഡയറക്ടര്‍ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്. പ്രണയത്തെക്കുറിച്ച് പറയുമ്പോഴും ദി കേരള സ്റ്റോറിയെക്കുറിച്ച് പറയുമ്പോഴും ഒരു തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും നടത്തിയിട്ടില്ലെന്നും രൂപത വിശദീകരിച്ചു.

 

Latest News