Sunday, November 24, 2024

‘2025 നവംബര്‍ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ല’: മുഖ്യമന്ത്രി

2025 നവംബര്‍ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാവേലിക്കര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍കുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഭരണിക്കാവില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് 64,006 കുടുംബമാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ ഒന്നോടെ ഏകദേശം 40,000- കുടുംബം അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തരായി. ഈ വര്‍ഷം നവംബറോടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയില്‍നിന്ന് മുക്തരാകും. 2025 നവംബര്‍ ഒന്നാകുമ്പോള്‍ കേരളത്തില്‍ ഒരു കുടുംബംപോലും അതിദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല.

സാമൂഹ്യക്ഷേമ പെന്‍ഷനെ കേന്ദ്രധനമന്ത്രി വല്ലാതെ ഇകഴ്ത്തിക്കാട്ടുകയാണ്. എന്തിനാണ് ഇത്രയധികംപേര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതെന്നാണ് അവരുടെ ചോദ്യം. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ 45 രൂപയിലാണ് തുടങ്ങിയത്. അന്ന് എത്ര ശക്തമായിട്ടാണ് ചിലര്‍ അതിനെ എതിര്‍ത്തത്.

പക്ഷേ, നമ്മള്‍ കൈയൊഴിഞ്ഞില്ല. ഒരുവിഭാഗത്തില്‍ മാത്രമായി ഒതുങ്ങിയില്ല. പല വിഭാഗങ്ങളിലേക്ക് പടര്‍ന്നു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 600 രൂപയായിരുന്നു പെന്‍ഷന്‍. ഒന്നരവര്‍ഷം വരെ യുഡിഎഫ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയിരുന്നു. ആദ്യം കുടിശ്ശിക കൊടുത്തുതീര്‍ത്തു. തുടര്‍ന്ന് പെന്‍ഷന്‍ 600ല്‍ നിന്ന് 1600 രൂപയായി ഉയര്‍ത്തി. ഇതും വര്‍ധിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, അതിനു തടയിടാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോക്കുന്നതെന്നും- മുഖ്യമന്ത്രി പറഞ്ഞു.

 

Latest News