കുട്ടികളെ എത്ര പ്രശംസിച്ചാലും അധികമാകില്ല എന്ന് ചിലര്‍ പറയുന്നു. മറ്റു ചിലരാകട്ടെ, കുട്ടികളെ കൂടുതല്‍ പ്രശംസിക്കുന്നത്, അവരെ വഷളാക്കുമെന്നും എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും വിശ്വസിക്കുന്നു.
നിങ്ങള്‍ കുട്ടിയെ എത്രത്തോളം പ്രശംസിക്കുന്നവരാണെങ്കിലും ഏത് രീതിയിലുള്ള പ്രശംസയാണ് നല്‍കുന്നത് എന്നതുകൂടെ കണക്കിലെടുക്കേണ്ടതുണ്ട്. എങ്ങനെയുള്ള പ്രശംസയാണ് കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നത്, ഏത് പ്രശംസ കുട്ടിയെ ഹാനികരമായി ബാധിക്കും, ഏറ്റവും മികച്ച ഫലമുളവാക്കുന്ന പ്രശംസ എങ്ങനെ നല്‍കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
എല്ലാത്തരം പ്രശംസയും ഒരുപോലെ ഗുണം ചെയ്യില്ല. നമ്മുടെ കുട്ടികളെ അമിതമായി പ്രശംസിക്കുന്നത് ഹാനികരമായേക്കാം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ചില മാതാപിതാക്കള്‍ കുട്ടികള്‍ക്ക് അര്‍ഹിക്കാത്ത പ്രശംസ അമിതമായി നല്‍കുന്നു. എന്നാല്‍, മാതാപിതാക്കള്‍ കാര്യങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും അവര്‍ പറയുന്നത് വെറുംവാക്കാണെന്നും മനസ്സിലാക്കാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ട്. മാത്രമല്ല, ലഭിച്ച പ്രശംസ യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്നതല്ലെന്നും അതിനാല്‍ മാതാപിതാക്കളെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ഉള്ള നിഗമനത്തില്‍ കുട്ടികള്‍ എത്തിച്ചേര്‍ന്നേക്കാം.
കഴിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രശംസ വളരെ നല്ലതാണ്. ഉദാഹരണത്തിന്, നിങ്ങളുടെ മകള്‍ക്ക് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടെന്നിരിക്കട്ടെ. സ്വാഭാവികമായും നിങ്ങള്‍ അവളെ പ്രശംസിക്കും. അത് അവളുടെ കഴിവില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ സഹായിക്കും. എന്നാല്‍ ഇതിന് ചില പോരായ്മകളുമുണ്ട്. ജന്മസിദ്ധമായ കഴിവുകളെപ്രതി മാത്രം പ്രശംസിക്കുകയാണെങ്കില്‍ അത്തരം കഴിവുകള്‍ ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന് കുട്ടി ചിന്തിച്ചേക്കാം. പുതിയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ പരാജയപ്പെടുമോ എന്ന പേടി കാരണം അവ ഏറ്റെടുക്കാന്‍ മടികാണിച്ചേക്കാം. അവള്‍ അല്പം ശ്രമം ചെയ്ത് നേടിയെടുക്കേണ്ട കാര്യം വരുമ്പോള്‍, ‘ഞാന്‍ അതിനു പറ്റിയ ആളല്ല, എന്നെക്കൊണ്ട് അതിന് കഴിയില്ല. വെറുതെ എന്തിന് ശ്രമിച്ച് പരാജയപ്പെടണം’ എന്ന് അവള്‍ ന്യായവാദം ചെയ്തേക്കാം. അതുകൊണ്ടു തന്നെ ചിലപ്പോഴെങ്കിലും മറ്റു കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോഴും നാം അവരെ പ്രചോദിപ്പിക്കുന്നത് വളരെ നല്ലതാണ്.
നിരന്തരമായ ശ്രമത്തെ അടിസ്ഥാനമാക്കിയുള്ള പ്രശംസയാണ് ഏറ്റവും മെച്ചം. ജന്മസിദ്ധമായി ലഭിച്ച കഴിവുകളെക്കുറിച്ച് മാത്രം പ്രശംസിക്കുന്നതിനു പകരം കഠിനാധ്വാനവും നിരന്തരമായ ശ്രമവും ചെയ്തതിനെപ്രതി കുട്ടികളെ പ്രശംസിക്കുകയാണെങ്കില്‍ അവര്‍ ഒരു അടിസ്ഥാനസത്യം മനസ്സിലാകും. ഈ വസ്തുത അവര്‍ മനസ്സിലാക്കിയാല്‍, ”ആഗ്രഹിക്കുന്ന ഫലം നേടിയെടുക്കാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടോ അത് ചെയ്യാന്‍ അവര്‍ തയാറായിരിക്കും. ഇതിനിടെ പിഴവുകള്‍ സംഭവിച്ചാല്‍ അതിനെ ഒരു പരാജയമായിട്ടല്ല, പകരം വിജയത്തിലേക്കുള്ള ചവിട്ടുപടിയായി അവര്‍ വീക്ഷിക്കും.
നിങ്ങളുടെ കുട്ടിയുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുക. ”ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ നീ വളരെ കഠിനധ്വാനം ചെയ്തിട്ടുണ്ട്” എന്നു പറയുന്നതാണ് ”നീ ജന്മനാ ഒരു കലാകാരന്‍തന്നെ” എന്നു പറയുന്നതിനെക്കാള്‍ ഗുണം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ രണ്ട് പ്രസ്താവനകളും പ്രശംസ തന്നെയാണ്. എന്നാല്‍, രണ്ടാമത് പറഞ്ഞ പ്രസ്താവനയിലൂടെ, ജന്മസിദ്ധമായ കഴിവുകള്‍ പ്രകടമാക്കാനാകുന്ന മേഖലകളില്‍ മാത്രമേ കുട്ടിക്ക് തിളങ്ങാന്‍ കഴിയൂ എന്ന് നിങ്ങള്‍പോലും അറിയാതെ അവന്റെ മനസ്സില്‍ വിതയ്ക്കുകയാണ് ചെയ്യുന്നത്.
പ്രചോദനമേകുന്ന വിമര്‍ശനങ്ങള്‍ നല്‍കുക. കുട്ടിയുടെ പോരായ്മകളെക്കുറിച്ച് ഉചിതമായ രീതിയില്‍ പറയുകയുന്നത് അവന്റെ ആത്മവിശ്വാസത്തെ തകര്‍ക്കുകയായിരിക്കില്ല, പകരം വളരാന്‍ സഹായിക്കുകയായിരിക്കും. ഒപ്പം അര്‍ഹിക്കുന്ന അഭിനന്ദനവും പതിവായി നല്‍കുമ്പോള്‍ കൂടുതലായ പുരോഗതിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള ബുദ്ധിയുപദേശം അവന്‍ സ്വീകരിക്കാനാണ് സാധ്യത. പിന്നീട് അവന്‍ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് ഇരുവര്‍ക്കും സന്തോഷിക്കാനുള്ള കാര്യമായിത്തീരുകയും ചെയ്യും.