Sunday, November 24, 2024

കഴിഞ്ഞുപോയത്, രേഖപ്പെടുത്തപ്പെട്ടതില്‍വച്ച് ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസം

രേഖപ്പെടുത്തപ്പെട്ടതില്‍വച്ച് ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസമാണ് കഴിഞ്ഞുപോയതെന്ന് യൂറോപ്യന്‍ യൂണിയനിലെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസം ലോകത്തിലെ ശരാശരി താപനില (കരയും സമുദ്രവും ഉള്‍പ്പെടെ) 14.14 ഡിഗ്രി സെല്‍ഷസ് ആയിരുന്നു. 2016ലെ റിക്കാര്‍ഡാണ് മറികടന്നത്. വ്യവസായവത്കരണത്തിനു മുമ്പത്തെ (1850 മുതല്‍ 1900 വരെയുള്ള കാലഘട്ടത്തെ) മാര്‍ച്ച് മാസ ശരാശരി താപനിലയേക്കാള്‍ 1.68 ഡിഗ്രി കൂടുതലാണിത്.

തുടര്‍ച്ചയായ പത്താം മാസവും ചൂടിന്റെ റിക്കാര്‍ഡ് തകര്‍ന്നുവെന്ന സവിശേഷതയും ഇത്തവണത്തെ മാര്‍ച്ചിനുണ്ട്. ലോകത്തിലെ ഏതാണ്ടെല്ലാ ഭാഗത്തും താപനില കൂടുതലായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഓരോ മാസവും ചൂട് പുതിയ റിക്കാര്‍ഡുകള്‍ ഭേദിക്കുന്നത് അത്ര നല്ലതല്ലെന്ന് കോപ്പര്‍ നിക്കസ് പഠനകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ സമാന്ത ബര്‍ഗസ് പറഞ്ഞു. അതിവേഗം കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിന്റെ സൂചനയാണിത്.

മാര്‍ച്ച് മാസത്തില്‍ സമുദ്രനിരപ്പിലെ താപനിലയും റിക്കാര്‍ഡ് ഭേദിച്ചു. ആഗോളതലത്തില്‍ സമുദ്രോപരിതല താപനില 21.07 ഡിഗ്രി സെല്‍ഷസ് ആയിരുന്നു. കാലാവസ്ഥയില്‍ സുപ്രധാന പങ്കുവഹിക്കുന്ന എല്‍നിനോ പ്രതിഭാസത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.

 

Latest News