Sunday, November 24, 2024

ആക്രമണത്തിന് മുന്നോടിയായി റാഫയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ 40,000 ടെന്റുകള്‍ വാങ്ങി ഇസ്രായേല്‍

തെക്കന്‍ ഗാസ നഗരമായ റാഫയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം 40,000 ടെന്റുകള്‍ വാങ്ങുന്നു. ജെറുസലേം പോസ്റ്റ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹമാസിന്റെ ശേഷിക്കുന്ന ബറ്റാലിയനുകളെ നശിപ്പിക്കാന്‍ റാഫയില്‍ ആക്രമണം നടത്തുന്നതിന് മുന്നോടിയായി ജനങ്ങളെ ടെന്റുകളിലേക്ക് മാറ്റാനാണ് നീക്കം. അതേസമയം റിപ്പോര്‍ട്ട് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചില്ല.

ഒരു ദശലക്ഷത്തിലധികം പാലസ്തീനികള്‍ അഭയം പ്രാപിച്ച റാഫയെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുടെ ആദ്യ സൂചനകളിലൊന്നാണ് ഈ റിപ്പോര്‍ട്ട്. ഇസ്രയേല്‍ വാങ്ങുന്ന ടെന്റുകള്‍ ഓരോന്നിലും 12 പേര്‍ക്ക് അഭയം നല്‍കാന്‍ കഴിയും.

നാല് ഹമാസ് ബറ്റാലിയനുകളും ഹമാസിന്റെ അജ്ഞാതരായ നിരവധി മുതിര്‍ന്ന കമാന്‍ഡര്‍മാരും റഫയില്‍ അവശേഷിക്കുന്നുണ്ടെന്ന് സൈന്യം പറയുന്നു. ഹമാസ് ബറ്റാലിയനുകളില്‍ 1000 പോരാളികള്‍ വീതമുണ്ടെന്ന് ഇസ്രായേല്‍ നേരത്തെ പറഞ്ഞിരുന്നു.

ആക്രമണത്തിന് മുമ്പ് ജനങ്ങളെ ഗാസയിലെ ‘മാനുഷിക ദ്വീപുകള്‍’ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തേക്ക് മാറ്റുമെന്നും ഭക്ഷണവും വെള്ളവും മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും സൈന്യം പറഞ്ഞു.

റാഫയെ ആക്രമിക്കാനുള്ള പദ്ധതികള്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്, ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക പോലും ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ രാജ്യം ആഗോള ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുമെന്ന് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒരു ശക്തിക്കും ഹമാസിനെ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ തടയാനാവില്ലെന്നാണ് നെതന്യാഹു പ്രതികരിച്ചത്.

Latest News