2023ല്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ടായി എന്ന വാര്‍ത്ത ഒരു മാറ്റത്തിന്റെ ദിശാസൂചികയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. 2022ല്‍ 4317 പേരാണ് അപകടമരണങ്ങള്‍ക്ക് കീഴടങ്ങിയതെങ്കില്‍ ഈ വര്‍ഷം 4010 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് 307 ജീവനുകള്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു എന്ന കാര്യം അഭിമാനകരമാണ്. അച്ചടക്കത്തോടെയുള്ള വാഹനമോടിക്കല്‍ കേരളീയരുടെ സംസ്കാരത്തിന്റെ ഭാഗമായി മാറുന്നു എന്നത് കൂടിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുന്ന കാലത്തും മരണ നിരക്ക് നമുക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിച്ച എഐ കാമറകള്‍ ഈ നേട്ടത്തിന് മുഖ്യകാരണമാണ്. ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍ട്ട് തുടങ്ങിയ ജീവന് രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി. ഇതൊരു സംസ്കാരത്തിന്റെ ഭാഗമായി മാറുകയാണ്.
എഐ കാമറ പദ്ധതി നടപ്പിലാക്കിയ കെല്‍ട്രോണിനു നേരെ പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ വലിയ ദുരാരോപണങ്ങള്‍ പലരും ഉന്നയിച്ചിരുന്നു. 307 മനുഷ്യജീവന് രക്ഷപ്പെടുത്തിയ പദ്ധതി മുടക്കാന്‍ പ്രതിപക്ഷം പലപ്പോഴും ശ്രമിക്കുകയും ചെയ്തു. ഇതിനെയെല്ലാം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പദ്ധതി നടപ്പിലാക്കിയതിന്റെ കൂടി ഗുണഫലമാണ് ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.