ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ആണ്മക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന് ഇസ്ലാമിസ്റ്റ് ഗ്രൂപ്പും ഹനിയയുടെ കുടുംബവും അറിയിച്ചു. മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു.
ഹനിയയുടെ രണ്ട് പേരക്കുട്ടികളും ആക്രമണത്തില്‍ കൊല്ലപ്പെടുകയും മൂന്നാമതൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് മാധ്യമങ്ങള്‍ അറിയിച്ചു. എന്റെ മക്കളുടെ രക്തം നമ്മുടെ ജനങ്ങളുടെ രക്തത്തെക്കാള്‍ വേദനാജനകമല്ലെന്ന് ഖത്തറില്‍ താമസിക്കുന്ന ഹനിയ പറഞ്ഞു. ഗാസ മുനമ്പില്‍ ഇസ്രയേലുമായുള്ള യുദ്ധം വീണ്ടും രൂക്ഷമായപ്പോള്‍ ഹമാസിന്റെ അന്താരാഷ്ട്ര നയതന്ത്രത്തിന്റെ കര്‍ക്കശമായ മുഖമായിരുന്നു ഹനിയ. ഇസ്രായേല്‍ ആക്രമണത്തില്‍ ഹനിയയുടെ 60ഓളം കുടുംബാംഗങ്ങള്‍ ഇതുവരെയായി കൊല്ലപ്പെട്ടിട്ടുണ്ട്.