റഷ്യയ്‌ക്കെതിരേ ഉപയോഗിക്കാന്‍ ഉക്രൈയ്‌ന് വന്‍ ആയുധശേഖരം കൈമാറി അമേരിക്ക. എകെ 47, റോക്കറ്റ് ലോഞ്ചറുകള്‍, വെടിയുണ്ടകള്‍ അടക്കം 5,000 ത്തിലധികം ആയുധങ്ങളാണ് കൈമാറിയത്.
ഇറാനില്‍നിന്നു ഹൂതി വിമതര്‍ക്കു കൈമാറുന്നതിനിടെ പിടിച്ചെടുത്ത ആയുധങ്ങളാണ് കൈമാറിയതെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കാന്‍ ഉക്രൈയ്‌നെ ഈ ആയുധങ്ങള്‍ സഹായിക്കുമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
2021 മേയ് 22നും 2023 ഫെബ്രുവരി 15നും ഇടയില്‍ നാല് ഇറാന്‍ കപ്പലിലൂടെ കൈമാറാന്‍ ശ്രമിച്ച ആയിരക്കണക്കിനു റൈഫിളുകളും ഒരു ദശലക്ഷത്തിലധികം വെടിയുണ്ടകളും യുഎസ് നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.
2023 ഡിസംബര്‍ ഒന്നിന് യുഎസ് ഗവണ്‍മെന്റ് ഈ യുദ്ധോപകരണങ്ങളുടെ ഉടമസ്ഥാവകാശം നേടി. കഴിഞ്ഞ ഒരു വര്‍ഷമായി മിഡില്‍ ഈസ്റ്റിലെ സെന്‍ട്രല്‍ കമാന്‍ഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പിടിച്ചെടുത്ത ആയുധങ്ങള്‍.