ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാര്ക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
‘‘മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാർ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്. നിലവില്‍ ഇരുരാജ്യങ്ങളിലും കഴിയുന്നവര്‍ ഇന്ത്യന്‍ എംബസിയിൽ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ യാത്ര ചെയ്യാതെ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണം” മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇറാനില്‍നിന്നുള്ള ആക്രമണം പ്രതീക്ഷിച്ച് ഇസ്രയേല്‍ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.
സിറിയയിലെ ഇറാന് എംബസിക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായി മാറിയത്.