Sunday, November 24, 2024

ഒഡീഷയിലെ കത്തോലിക്കാ മിഷൻ കേന്ദ്രത്തിൽ വൈദികർക്ക് നേരെ ആക്രമണം

ഒഡീഷയിൽ ഒരു സംഘം മോഷ്ടാക്കൾ വൈദികർക്ക് നേരെ ആക്രമണം നടത്തി. ജാർസുഗുഡ ജില്ലയിൽ സൊസൈറ്റി ഓഫ് ഡിവൈൻ വേഡ് (എസ്‌വിഡി) നടത്തുന്ന സെൻ്റ് അർനോൾഡ് പ്രൈമറി സ്‌കൂൾ പ്രവർത്തിക്കുന്ന ബാഗ്‌ദേഹി മിഷൻ സ്റ്റേഷനിൽ ഏപ്രിൽ പത്തിനാണ് ആക്രമണം നടന്നത്.

അടുത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിൽ കടന്ന ആക്രമികൾ തോക്കുചൂണ്ടി വനിതാ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തു. തുടർന്ന് വൈദികർക്ക് നേരെ തിരിയുകയായിരുന്നു. വടികളും കസേരകളും ഉപയോഗിച്ചാണ് മോഷ്ടാക്കൾ വൈദികരെ ആക്രമിച്ചതെന്ന് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. അനുരഞ്ജൻ ബിലുങ് പറഞ്ഞു. “അവർ മൊബൈൽ ഫോണുകൾ എടുത്ത് നശിപ്പിച്ചു, തുടർന്ന് വൈദികരുടെ കൈകളും കാലുകളും കയറുകൊണ്ട് കെട്ടി മുറിയിൽ പൂട്ടിയിട്ടു.” അദ്ദേഹം കൂട്ടിച്ചേർത്തു.

രാത്രി 9.30 ഓടെ ഒരു ഡസനോളം പേരടങ്ങുന്ന സായുധ സംഘം 100,000 രൂപയും സ്വർണാഭരണങ്ങളും മൊബൈലും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു. പാതിരാത്രി കഴിഞ്ഞിട്ടും പുരോഹിതരെയും അധ്യാപക ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഭയപ്പെടുത്തുന്നത് തുടർന്നു. പുരോഹിതന്മാർ എവിടെയാണ് താമസിക്കുന്നതെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി ചോദിച്ചറിഞ്ഞു. സ്‌കൂളിൽ നിന്നും സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നും 50 മീറ്റർ അകലെയുള്ള അവരുടെ താമസസ്ഥലം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അക്രമികൾ പോയതിനുശേഷം, മൊബൈൽ ഫോൺ ഒളിപ്പിച്ച വൈദികരിൽ ഒരാൾ ക്യാമ്പസിന് പുറത്ത് താമസിച്ചിരുന്ന സ്‌കൂളിലെ ഒരു ജീവനക്കാരനെ സംഭവം അറിയിച്ചു. അൽപസമയത്തിന് ശേഷം ഇവരെ രക്ഷപ്പെടുത്തി അടുത്തുള്ള ചർച്ച് ഡിസ്പെൻസറിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. പോലീസ് സംഘം എത്തി വൈദികരുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.

Latest News