ഇസ്രായേൽ ആക്രമിക്കുവാനുള്ള തീരുമാനവുമായി ഇറാൻ മുന്നോട്ട് പോയാൽ ഇസ്രായേലിനു ഒപ്പം തങ്ങൾ നിൽക്കും എന്ന് പ്രഖ്യാപിച്ചു യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അതിനാൽ അക്രമവുമായി മുന്നോട്ട് പോകരുതെന്ന് ബൈഡൻ ഇറാന് മുന്നറിയിപ്പ് നൽകി. സിറിയയിലെ നയതന്ത്രകാര്യാലയത്തിൽ നടന്ന ആക്രമണത്തിനു തിരിച്ചടിയായി ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ഇസ്രയേലിന്റെ പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ യു.എസ് പ്രതിജ്ഞാബദ്ധരാണ്. ആവശ്യമായ സഹായങ്ങൾ നൽകും. ഇറാന് വിജയിക്കാൻ സാധിക്കില്ല” ജോ ബൈഡൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച ചർച്ചകൾക്കായി യു.എസിന്റെ പശ്ചിമേഷ്യയിലെ സേനാകമാൻഡർ എറിക് കുറില്ല ടെൽ അവീവിലെത്തിയിട്ടുണ്ട്.
ഒപ്പം ആക്രമണഭീതി ഉയർന്ന പശ്ചാത്തലത്തിൽ യു.എസ്. തങ്ങളുടെ നയതന്ത്രഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇസ്രയേലിനകത്ത് യാത്രാനിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫ്രാൻസും ജർമ്മനിയും തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഇന്ത്യക്കാർ ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയവും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.