Sunday, November 24, 2024

മദപ്പാടുമുള്ള ആനകളെ തൃശൂർ പൂരത്തിന് അനുവദിക്കില്ല: ഹൈക്കോടതി

ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ തൃശൂർ പൂരത്തിന് അനുവദിക്കില്ലെന്നു ഹൈക്കോടതി. തൃശൂർ പൂരത്തോട് അനുബന്ധിച്ചു എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമർപ്പിക്കാൻ കോടതി നൽകിയ നിർദ്ദേശത്തോട് ഒപ്പമാണ് ഈ അറിയിപ്പ്. വനം വകുപ്പിനാണ് ഹൈക്കോടതി ഈ കർശന നിർദേശം നൽകിയിരിക്കുന്നത്.

16-ാം തീയതി അഞ്ച് മണിക്ക് മുൻപ് ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിർദ്ദേശം. ഈ വിഷയങ്ങൾ സംബന്ധിച്ച് പഠിക്കാനായി വിദഗ്ധർ ഉൾപ്പടെയുള്ള ഒരു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നേരത്തെ നിയോഗിച്ചിരുന്നു. ഈ അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ കോടതി വ്യക്തമാക്കി.

അതേസമയം, ഉത്സവങ്ങളിൽ നാട്ടാനകളെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദേവസ്വം ഭാരവാഹികൾ, ആന ഉടമസ്ഥർ, പോലീസ്, റവന്യു, മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത ആനകളെ മാത്രമേ ഉത്സവാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളു എന്ന് ഈ നിർദ്ദേശത്തിൽ പ്രത്യേകം പറയുന്നുണ്ട്.

മുൻകാലങ്ങളിൽ മനുഷ്യ ജീവഹാനി വരുത്തിയിട്ടുള്ളതോ, ഇടഞ്ഞ് മറ്റു നാശനഷ്ടങ്ങൾ വരുത്തിയിട്ടുള്ളതോ ആയ ആനകൾ അല്ല ഉത്സവത്തിൽ പങ്കെടുക്കുന്നത് എന്ന് ഉത്സവ കമ്മിറ്റികൾ ഉറപ്പുവരുത്തണം. കൂടാതെ എഴുന്നള്ളിക്കുന്ന ആനകളുടെ വിവരങ്ങൾ മുൻകൂട്ടി സോഷ്യൽ ഫോറസറ്ററി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ അറിയിക്കുകയും വേണം. ഉത്സവത്തിന് അനുമതി ലഭിച്ചിട്ടുള്ള ഓരോ ആനയേയും 12 മണിക്കൂർ മുൻപ് പരിശോധിച്ച് ആനയ്ക്ക് മദപ്പാടോ, ശരീരത്തിൽ മുറിവ്, ചതവ്, അംഗവൈകല്യം തുടങ്ങിയ ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങളോ ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുകയും വേണം. ഇത് ഉത്സവക്കമ്മിറ്റിയുടെ ചുമതലയാണ്. ഇതിനു വിപരീതമായി പ്രവർത്തിച്ചതിന് തെളിവ് സഹിതം പരാതി ലഭിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും കമ്മിറ്റിക്കായിരിക്കും.

Latest News