2000 മുതല്‍ ഇന്ത്യയ്ക്ക് 2.33 ദശലക്ഷം ഹെക്ടര്‍ മരം നഷ്ടമായതായി റിപ്പോര്‍ട്ട്. ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച് മോണിറ്ററിംഗ് പ്രോജക്റ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നഷ്ടത്തിന്റെ ഫലമായി ഇന്ത്യയില്‍ പ്രതിവര്‍ഷം 51.0 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും ഈ വനനഷ്ടം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരാശരി 66,600 ഹെക്ടറില്‍ നിന്ന് 324,000 ഹെക്ടര്‍ മരങ്ങളുടെ നഷ്ടമാണ് അസമില്‍ ഉണ്ടായത്. മിസോറാമില്‍ 312,000 ഹെക്ടര്‍, അരുണാചല്‍ പ്രദേശില്‍ 262,000 ഹെക്ടര്‍, നാഗാലാന്‍ഡില്‍ 259,000 ഹെക്ടര്‍, മണിപ്പൂരില്‍ 2,40,000 ഹെക്ടര്‍ എന്നിങ്ങനെ നീളുന്നു കണക്ക്.
സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനമാറ്റങ്ങള്‍ ട്രാക്കുചെയ്യുന്ന പദ്ധതിയാണ് ഗ്ലോബല്‍ ഫോറസ്റ്റ് വാച്ച്. 2002 മുതല്‍ 2023 വരെ രാജ്യത്തിന് 4,14,000 ഹെക്ടര്‍ ഈര്‍പ്പമുള്ള പ്രാഥമിക വനം നഷ്ടപ്പെട്ടുവെന്നാണ് പദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ആകെ വനത്തിന്റെ 18% -ത്തോളം വരും ഇത്. 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ മരങ്ങളുടെ 95 ശതമാനവും നശിക്കുന്നത് പ്രകൃതിദത്ത വനങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച്, 2015 നും 2020 നും ഇടയില്‍ ഇന്ത്യയില്‍ വനനശീകരണ നിരക്ക് പ്രതിവര്‍ഷം 668,000 ഹെക്ടറാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കാണ്. 2002 മുതല്‍ 2022 വരെയുണ്ടായ തീപിടിത്തം മൂലം ഇന്ത്യയ്ക്ക് 35,900 ഹെക്ടര്‍ മരങ്ങള്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍ കാണിക്കുന്നു.