സിഡ്നിയില്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കിടെ അസ്സീറിയന്‍ ബിഷപ് മാര്‍ മാറി ഇമ്മാനുവേലിനെ അക്രമി കുത്തിപരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി സിഡ്നിയുടെ പ്രാന്തപ്രദേശമായ വാക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ ആണ് ആക്രമണം നടന്നത്.
ദേവാലയത്തില്‍ ആക്രമണം നടന്നതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കുകള്‍ ഉണ്ടെന്നും എന്നാല്‍ അവയൊന്നും മാരകമല്ല എന്നും പോലീസ് വെളിപ്പെടുത്തി. ആക്രമണത്തെ തുടര്‍ന്നു ഒരാള്‍ അറസ്റ്റിലായിരുന്നു. ന്വേഷണം മുന്നോട്ട് പോകുകയാണെന്നും ആക്രമണത്തിലേയ്ക്ക് പ്രതികളെ നയിച്ച കാരണം വ്യക്തമല്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രസംഗത്തിന്റെ തത്സമയ സംപ്രേക്ഷണ വീഡിയോയില്‍, ഇരുണ്ട വസ്ത്രം ധരിച്ച ഒരാള്‍ ബിഷപ്പിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി വ്യക്തമാണ്. നിരവധി ആളുകള്‍ ആക്രമണം തടയാന്‍ ശ്രമിക്കുന്നതും നിലവിളിയും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റവരെല്ലാം 20നും 70നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് കരുതുന്നത്. ആക്രമണത്തെ തുടര്‍ന്നു പ്രദേശത്തു നിന്നു അകന്നു നില്‍ക്കാനും ജാഗ്രത പുലര്‍ത്തുവാനും പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് – ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇതേ നഗരത്തിലെ ഒരു ഷോപ്പിംഗ് മാളില്‍ ആറ് പേര് കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദേവാലയത്തില്‍ ആക്രമണം നടക്കുന്നത്.