പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും. ഇന്ത്യക്കാരായ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളഹിയാന്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഇതിന് തുടര്‍ച്ചയായിട്ടാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കപ്പലിലേക്കുള്ള സന്ദര്‍ശനം.
ഇറാന്‍ പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന കപ്പലില്‍ 17 ഇന്ത്യക്കാര്‍ ഉണ്ടെന്ന് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. കപ്പലിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ് എന്ന് നേരത്തെ തന്നെ ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ ആണ് കപ്പല്‍ പിടിച്ചെടുത്തത് എന്നും ഇറാന്‍ അറിയിച്ചിരുന്നു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്ത ഇസ്രയേല്‍ അഫിലിയേറ്റഡ് കണ്ടെയ്‌നര്‍ കപ്പലിലെ 17 ഇന്ത്യക്കാരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹൊസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.