എക്സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി പുതിയ ഉപയോക്താക്കളില്‍ നിന്ന് ഇനി മുതല്‍ ഒരു നിശ്ചിത തുക ഈടാക്കും. ട്വീറ്റുകള്‍ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നല്‍കുന്നതുമെല്ലാം ഇത്രയും നാള്‍ സൗജന്യ സേവനങ്ങളായിരുന്നു.
എന്നാല്‍ എക്സിന്റെ പുതിയ നയപ്രകാരം ഇവ ഉള്‍പ്പടെ ട്വീറ്റുകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നതിന് പോലും പണം നല്‍കേണ്ടി വരും. ‘എക്സ് ഡെയിലി ന്യൂസ്’ എന്ന എക്സ് അക്കൗണ്ടാണ് പുതിയ ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുന്ന കമ്പനി നടപടി ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ഉപയോക്താക്കള്‍ക്ക് എക്സ് ഉപയോഗിക്കണമെങ്കില്‍ വാര്‍ഷിക വരിസംഖ്യ നല്‍കണമെന്ന് സൂചിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ എക്സ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എക്സ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദിനംപ്രതി ഉയരുന്ന വ്യാജ അക്കൗണ്ടുകളും അവയിലെ ഉള്ളടക്കങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് മസ്‌കിന്റെ വിശദീകരണം. പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക എന്നതാണ് ശ്രദ്ധേയം. എന്നാല്‍, നിലവിലെ ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കുമോ എന്ന കാര്യത്തില്‍ എക്സ് വ്യക്തത നല്‍കിയിട്ടില്ല. പുതിയ മാതൃകയില്‍ പണമടയ്ക്കാതെ ഉപോയോഗിക്കുന്നവര്‍ക്ക് ‘റീഡ് ഒണ്‍ലി’ മോഡിലായിരിക്കും എക്സ് ലഭ്യമാകുക, അതായത്, പുതിയ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ കാണാനും വായിക്കാനും വീഡിയോകള്‍ കാണാനും അക്കൗണ്ടുകള്‍ പിന്തുടരാനും മാത്രമേ കഴിയൂ.
പണമടച്ച് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഇനി മുതല്‍ എക്‌സിലെ പോസ്റ്റുകള്‍ ലൈക് ചെയ്യാനും വീണ്ടും ഷെയര്‍ ചെയ്യാനും സാധിക്കുകയുള്ളു.44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയ ശേഷം, മസ്‌ക് പ്ലാറ്റ്‌ഫോമില്‍ നിരവധി വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റേത് അടക്കം മുന്‍പ് നിരോധിച്ച അക്കൗണ്ടുകള്‍ തിരികെ നല്‍കി. പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകള്‍ തിരിച്ചറിയുന്ന ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷന്‍ സംവിധാനവും ഇല്ലാതാക്കി. ഇപ്പോള്‍ നിശ്ചിത തുക ഫീസ് ആയി നല്‍കുന്ന ആര്‍ക്കും എക്‌സില്‍ ബ്ലൂ ടിക്ക് സ്വന്തമാക്കാം.
ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം വരിസംഖ്യ ഏര്‍പ്പെടുത്തുന്ന സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ കഴിഞ്ഞ ഒക്ടോബറില്‍ മസ്‌ക് അവതരിപ്പിച്ചിരുന്നു. ആദ്യ പടിയെന്നോണം ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ് എന്നി രാജ്യങ്ങളിലാണ് ഈ സേവനം ആദ്യം നിലയില്‍ വന്നത്. ന്യൂസിലന്‍ഡില്‍ 1.43 ന്യൂസിലന്‍ഡ് ഡോളറും ഫിലിപ്പീന്‍സില്‍ 42.51 ഫിലിപ്പീന്‍ പെസോയുമാണ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. ഈ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം ഒരു ഡോളറെന്ന (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുകയെന്നാണ് സൂചന. ക്രമേണ മാറ്റ് രാജ്യങ്ങളിലേക്ക് സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കമ്പനി.