സിഡ്നിയിലെ പള്ളിയില്‍ ബിഷപ്പിനും വിശ്വാസികള്‍ക്കും നേരെ നടന്നത് തീവ്രവാദി ആക്രമണം ആണെന്ന് സ്ഥിരീകരിച്ച് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രി സിഡ്നിയുടെ പ്രാന്തപ്രദേശമായ വാക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ഇടയില്‍ ആണ് ബിഷപ്പ് മാര്‍ മാരി ഇമ്മാനുവലിനും വിശ്വാസികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്.
ആക്രമണത്തെ തുടര്‍ന്ന് പതിനാറു വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ ഇയാള്‍ക്കും പരിക്കേറ്റു. ഓസ്ട്രേലിയന്‍ പോലീസ് ആക്രമണത്തെ ഭീകരാക്രമണമായി ആണ് കണക്കാക്കുന്നത്. കേസ് അനേഷണം തുടരുകയാണെന്നും ആക്രമണത്തിന് കാരണമായത് ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആശങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ അക്രമിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ മതം വ്യക്തമാക്കാന്‍ അധികാരികള്‍ ആവര്‍ത്തിച്ച് വിസമ്മതിച്ചു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പള്ളിയുടെ സമീപത്തേയ്ക്കു ആളുകള്‍ ഓടിയെത്തി. തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ കൈയ്യേറ്റം ഉണ്ടാകുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോട് സംസാരിച്ച ന്യൂ സൗത്ത് വെയില്‍സ് (എന്‍എസ്ഡബ്ല്യു) പോലീസ് കമ്മീഷണര്‍ കാരെന് വെബ്, ബിഷപ്പും വൈദികനും ശസ്ത്രക്രിയയ്ക്ക് വിധേയരാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും വെളിപ്പെടുത്തി.
2011-ല്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ട ബിഷപ്പ് ഇമ്മാനുവല്‍ ജനപ്രിയനും ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള തിന്മകള്ക്കെതിരെ സംസാരിക്കുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബിഷപ്പിനെ സമീപിച്ചപ്പോള്‍ കൗമാരക്കാരന് ‘മതത്തെ കേന്ദ്രീകരിച്ചുള്ള’ അഭിപ്രായങ്ങള്‍ പറഞ്ഞതായും, തത്സമയ സംപ്രേഷണം നടക്കുന്ന ശുശ്രൂഷയ്ക്കിടെ ആക്രമണം നടത്തിയതിലൂടെ അവിടെ സന്നിഹിതരായ ഇടവകക്കാരെ മാത്രമല്ല, അത് കാണുന്നവരെയും ഭയപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നു ഉണ്ടായിരുന്നതെന്നും അനേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായ ചെറുപ്പക്കാരന് ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയത് എന്നും മുന്‍പ് ഒരിക്കലും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ വരാത്ത ആളാണെന്നും ഇവര്‍ പറയുന്നു.