Sunday, November 24, 2024

യുക്രെയ്നിലെ അധിനിവേശത്തില്‍ മരിച്ച റഷ്യന്‍ സൈനികരുടെ എണ്ണം അരലക്ഷത്തിലേറെ

യുക്രെയ്നിലെ അധിനിവേശം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ റഷ്യന്‍ സൈന്യം നേരിട്ടത് വന്‍ ആള്‍നാശമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസി സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് റഷ്യന്‍ സൈന്യത്തിനുണ്ടായ ആള്‍നാശത്തിന്റെ കണക്ക് ചൂണ്ടിക്കാട്ടുന്നത്.

യുക്രെയ്നിലെ സൈനിക നടപടിയില്‍ ആദ്യ വര്‍ഷത്തിലുണ്ടായതിലേക്കാള്‍ 25 ശതമാനം അധികമാണ് രണ്ടാം പകുതിയിലെ ആള്‍നാശം. ഫെബ്രുവരി 2022ന് ശേഷം റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളാണ് ബിബിസിയും സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ മീഡിയ സോണും സന്നദ്ധ പ്രവര്‍ത്തകരും പരിശോധിച്ചത്.

സെമിത്തേരികളിലെ പുതിയ കുഴിമാടങ്ങളില്‍ ആലേഖനം ചെയ്ത പേരുകള്‍, ഔദ്യോഗിക രേഖകള്‍, പത്രങ്ങള്‍ മുതല്‍ സാമൂഹിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഇതിനായി പരിശോധിച്ചിട്ടുണ്ട്. അധിനിവേശത്തിന്റെ രണ്ടാം വര്‍ഷത്തില്‍ മാത്രം 27,300 റഷ്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ആകെ മരണങ്ങള്‍ അരലക്ഷത്തില്‍ കൂടുതലാണെന്ന് ബിബിസിയുള്‍പ്പെടെ ചൂണ്ടിക്കാട്ടുമ്പോള്‍ ഈ കണക്ക് ഔദ്യോഗിക രേഖകളിലേക്കാള്‍ എട്ട് മടങ്ങ് അധികമാണ്.

മരണസംഖ്യയില്‍ റഷ്യന്‍ അധിനിവേശ പ്രദേശമായ ഡോണ്‍ടെസ്‌ക്, കിഴക്കന്‍ യുക്രെയ്ന്‍ പ്രദേശമായ ലുഹാന്‍ഷെക് എന്നിവിടങ്ങളിലെ മരണങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിബിസി പറയുന്നു. അതേസമയം, ഇക്കാലയളവില്‍ 31,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കിയുടെ വാദം.

 

Latest News