Sunday, November 24, 2024

KSRTCക്ക് റെക്കോഡ് കളക്ഷന്‍; ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ

KSRTCക്ക് റെക്കോഡ് കളക്ഷന്‍. ഏപ്രില്‍ 15ലെ വരുമാനം 8.57 കോടി രൂപ. 4179 ബസുകള്‍ നിരത്തിലിറങ്ങി. മറികടന്നത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ നേട്ടം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കി സര്‍വീസുകള്‍ പുനക്രമീകരിച്ചിരുന്നു. ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ പങ്കുവച്ചു.

4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. 14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്.

ഒറ്റപ്പെട്ട സര്‍വീസുകള്‍, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാര്‍ഥി കണ്‍സഷന്‍ റൂട്ടുകള്‍ എന്നിവ ഒഴികെയുള്ള വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളുമാണ് ഒഴിവാക്കിയത്. പകരം വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീര്‍ഘദൂര റൂട്ടുകളിലും അഡീഷണല്‍ സര്‍വീസുകള്‍ ക്രമീകരിച്ചാണ് ചെലവ് വര്‍ദ്ധിക്കാതെ കെഎസ്ആര്‍ടിസി നേട്ടം ഉണ്ടാക്കിയത്.

എന്നാല്‍ തിരക്കേറിയ ദീര്‍ഘദൂര ബസ്സുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് തിരക്കനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിച്ചു. ഇത്തരത്തില്‍ ഏതാണ്ട് 140 സര്‍വീസുകളാണ് അധികമായി സംസ്ഥാനത്തിനുള്ളില്‍ ക്രമീകരിച്ചതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

 

Latest News