തന്നെ ആക്രമിച്ച കൗമാരക്കാരനോട് ക്ഷമിക്കുന്നു എന്നും സമൂഹം ശാന്തത കൈവെടിയരുത് എന്നും അഭ്യര്‍ത്ഥിച്ച കുത്തേറ്റു ചികിത്സയില്‍ കഴിയുന്ന അസീറിയന്‍ ബിഷപ് മാര്‍ മാരി ഇമ്മാനുവേല്‍. ആശുപതയില്‍ ചികിത്സയില്‍ കഴിയവേ ബിഷപ്പ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രി സിഡ്നിയുടെ പ്രാന്തപ്രദേശമായ വാക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് ദൈവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ഇടയില്‍ ആണ് ബിഷപ്പ് മാര്‍ മാരി ഇമ്മാനുവലിനും വിശ്വാസികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. ബിഷപ്പിനു നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയ ജനങ്ങളും പോലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയും നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് മാരി ഇമ്മാനുവേല്‍ സമാധാനം പുലര്‍ത്തുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
ഈ പ്രവൃത്തി ചെയ്തവരോട് താന്‍ ക്ഷമിക്കുന്നുവെന്ന് പറയുന്ന നാലുമിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം സിഡ്നിയിലെ സഭ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു. താന്‍ സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിടെ നടന്ന ആക്രമണം മതപ്രേരിതമായ തീവ്രവാദ പ്രവര്‍ത്തനമാണെന്ന് പോലീസും സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ പരിക്കേറ്റ 16 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാല്‍ ഒരു കുറ്റവും ചുമത്തിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ മതവും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.