ഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ വിട്ടയ്ക്കാന്‍ ഇറാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ചരക്കുകപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല. കപ്പലിലെ ഇന്ത്യക്കാര്‍ക്കെല്ലാം മടങ്ങാന്‍ അനുമതി നല്‍കിയ വിവരം ഇറാന്‍ സ്ഥാനപതി മുമ്പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കപ്പല്‍ നിയന്ത്രിക്കാന്‍ നാവികരുടെ സാന്നിദ്ധ്യം ആവശ്യമാണ്. ട്രെയിനി ആയതിനാലാണ് വനിതാ ജീവനക്കാരിക്ക് വേഗത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്. പതിനാറ് ഇന്ത്യക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
25 ജീവനക്കാരില്‍ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 4 പേര്‍ മലയാളികളാണ്. തൃശൂര്‍ സ്വദേശിയായ മലയാളി യുവതി ആന്‍ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ഇറാന്‍ പിടികൂടിയ കപ്പലില്‍ മൊത്തം 25 ജീവനക്കാരാണുള്ളത്. ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.