ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകളില്‍ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്. ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം പിന്തിരിപ്പനാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന് സുപ്രീംകോടതിയെ ബോധിപ്പിച്ചു. എല്ലാ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനിലെയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെയായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന് നിലപാട് വ്യക്തമാക്കിയത്.
വാദത്തിനിടെ, ഇവിഎമ്മിന്റെ പ്രത്യേകതകളെക്കുറിച്ച് കോടതിയില്‍ ഹാജരായ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരോട് ഡിവിഷഷന്‍ ബെഞ്ച് ചോദിച്ചു. 17 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഏതു മെഷീന് ഏതു മണ്ഡലത്തിലേക്കാണ് പോകുന്നതെന്ന് നിര്‍മാതാക്കള്‍ക്ക് അറിയില്ല.
തെരഞ്ഞെടുപ്പിന് ഏഴു ദിവസം മുമ്പ് ഇതു സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കും. കംപ്യൂട്ടറുകളുമായോ ലാപ്ടോപ്പുകളുമായോ ഇവ ബന്ധിപ്പിക്കുന്നില്ല. സോഫ്റ്റ്വേര്‍ ഇല്ലാത്ത ഒരു പ്രിന്റര്‍ മാത്രമാണ് ഇത്. അതിനാല്‍ തിരിമറി സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകള്‍ എണ്ണാന്‍ ഉദ്ദേശിച്ചു നിര്മിച്ചവയല്ലെന്നും വോട്ടര്‍ എതു സ്ഥാനാര്‍ഥിക്കാണ് വോട്ട് നല്‍കിയതെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണെന്നും കമ്മീഷന് വ്യക്തമാക്കി. പോളിംഗ് ഉദ്യോഗസ്ഥന് പെരുമാറ്റച്ചട്ട ലംഘനം നടത്തിയാല്‍ 500 രൂപ പിഴ ചുമത്താന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന് അഭിഭാഷകന് കോടതിയെ അറിയിച്ചു.