തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാര്‍ത്ഥികള്‍ നല്കുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം എം.സി.എം.സി മുന്‍കൂട്ടി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കില്‍ അച്ചടി മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
മുന്‍കാലങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങള്‍ കാരണം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എറണാകുളം, ചാലക്കുടി ലോക് സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്കും നിര്‍ദ്ദേശം ബാധകമായിരിക്കും.