Sunday, November 24, 2024

കിഴക്കന്‍ ഉക്രെയ്ന്‍ പട്ടണമായ ചാസിവ് യാര്‍ പിടിക്കാന്‍ 25000 സൈനികരെ നിയോഗിച്ച് റഷ്യ

കിഴക്കന്‍ ഉക്രെയ്ന്‍ പട്ടണമായ ചാസിവ് യാറിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും ആക്രമണം നടത്താന്‍ റഷ്യയുടെ 20,000-25,000 സൈനികര്‍ മാര്‍ച്ച് നടത്തുകയാണെന്ന് ഉക്രെയ്ന്‍ സൈന്യം. പ്രദേശത്തെ സ്ഥിതി അതീവ ദുഷ്‌കരമാണെന്നും സൈന്യം പറഞ്ഞു. റഷ്യ ഭാഗികമായി അധിനിവേശം ചെയ്തിരിക്കുന്ന ഡൊനെറ്റ്സ്‌ക് മേഖലയിലെ തന്ത്രപ്രധാനമായ ഉയര്‍ന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചാസിവ് യാറിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉക്രെയ്നുണ്ട്.

എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സോവിയറ്റ് വിജയദിനം ആഘോഷിക്കുന്ന മെയ് 9-നകം പട്ടണം പിടിച്ചെടുക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് കീവ് പറയുന്നു. ‘പട്ടണത്തിന് ചുറ്റുമുള്ള സാഹചര്യം ക്ലേശകരമാണ്, എന്നിരുന്നാലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ഞങ്ങളുടെ സൈനികര്‍ പ്രതിരോധം ബലപ്പെടുത്തുന്നുണ്ട്,’ കിഴക്കന്‍ സൈനിക കമാന്‍ഡിന്റെ വക്താവ് നാസര്‍ വോലോഷിന്‍ പറഞ്ഞു.

ചാസിവ് യാര്‍ പിടിച്ചടക്കുന്നത് റഷ്യയെ ഉക്രെയ്ന്‍ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാനമായ നഗരങ്ങളായ ക്രാമാറ്റോര്‍സ്‌ക്, സ്ലോവിയന്‍സ്‌ക് എന്നിവയിലേക്ക് അടുപ്പിക്കും. ദീര്‍ഘകാലമായി കാത്തിരിക്കുന്ന യുഎസ് സൈനിക സഹായം ഉക്രെയ്നില്‍ ഈ ആഴ്ച എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ”ഇത് ഞങ്ങളുടെ സൈനികര്‍ക്ക് ബുദ്ധിമുട്ടേറിയ സാഹചര്യമാണ്, പക്ഷേ ആവശ്യമായ സഹായം ലഭിക്കുന്നത് സാഹചര്യം മറികടക്കാന്‍ സഹായിക്കും,” പ്രസിഡന്റ് വോലോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

 

Latest News