ഇസ്രായേലി സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ അഹറോന് ഹലീവ പദവിയില്‍ നിന്ന് രാജിവെച്ചു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണം തടയാന്‍ കഴിയാത്തതിനാല്‍ അന്നത്തെ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജി വെച്ചതെന്ന് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
”38 വര്‍ഷമാണ് അദ്ദേഹം ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഭാഗമായിരുന്നത്. അദ്ദേഹം ഇന്റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന കാലത്ത് ഒരു യുദ്ധ സൈനികനും കമാന്‍ഡറും എന്ന നിലയില്‍ രാജ്യത്തിന്റെ സുരക്ഷക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിരുന്നതായി” ട്വീറ്റില്‍ സൈന്യം കുറിച്ചു.
2023 ഒക്ടോബര്‍ ഏഴിന് അപ്രതീക്ഷിതവും മാരകവുമായ ആക്രമണമാണ് ഇസ്രായേലിന് നേരെ ഹമാസ് നടത്തിയതെന്ന് രാജിക്കത്തില്‍ മേജര്‍ എഴുതിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ടു ചെയ്തു. ”എന്റെ കീഴിലുള്ള രഹസ്യാന്വേഷണവിഭാഗം ഞങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയില്ല. അന്നു മുതല്‍ ആ കറുത്തദിനം ഞാന്‍ കുടെ കൊണ്ടു നടക്കുകയാണ്, ഓരോ ദിവസവും. യുദ്ധത്തിന്റെ ഭയാനകമായ വേദന എന്നോടൊപ്പമുണ്ട്,” അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമെ 200 പേരെ ഹമാസ് ബന്ദികളാക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു.