റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ രഹസ്യമായി അമേരിക്ക കൈമാറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് യുക്രെയ്ന്‍. അമേരിക്കന്‍ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2024 മാര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയ 30 കോടി ഡോളര്‍ സഹായ പാക്കേജിന്റെ ഭാഗമായുള്ള ആയുധങ്ങള്‍ ഏപ്രിലിലാണ് യുക്രെയ്ന് കൈമാറിയത്. ഇതിന്റെ ഭാഗമായിരുന്നു ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍, 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലെ ശത്രുപാളയങ്ങളെ അക്രമിക്കാനായിരുന്നു ബൈഡന്‍ ഭരണകൂടം രഹസ്യമായി കൈമാറിയ ദീര്‍ഘദൂര മിസൈല്‍ ആദ്യമായി യുക്രെയ്ന്‍ ഉപയോഗിച്ചത്.
നേരത്തെ ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റത്തിന്റെ (എടിഎസിഎംഎസ്) മിഡ് റേഞ്ച് റോക്കറ്റുകള്‍ റഷ്യയെ ആക്രമിക്കാനായി അമേരിക്ക യുക്രെയ്ന് നല്‍കിയിട്ടുണ്ടെങ്കിലും ദീര്‍ഘദൂര മിസൈലുകള്‍ നല്‍കാന്‍ വിമുഖത കാണിച്ചിരുന്നു. പിന്നീടാണ് ദീര്‍ഘദൂര മിസൈല്‍ ബൈഡന്റെ പച്ചക്കൊടി ലഭിച്ചതോടെ കൈമാറുന്നത്. യുക്രെയ്‌ന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചായിരുന്നു അവയുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കാതിരുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം.
അതേസമയം, യുക്രെയ്‌നുവേണ്ടി കഴിഞ്ഞ ദിവസം യുഎസ് സെനറ്റ് പാസാക്കിയ 6100 കോടി ഡോളറിന്റെ പുതിയ പാക്കേജില്‍ ജോ ബൈഡന്‍ ഒപ്പുവച്ചിരുന്നു. ജനപ്രതിനിധി സഭയിലെ ഏറെനാള്‍ നീണ്ടുനിന്ന എതിര്‍പ്പുകള്‍ക്കൊടുവിലാണ് കഴിഞ്ഞ ആഴ്ച പാക്കേജ് പാസായത്. സമീപ മാസങ്ങളില്‍ യുക്രെയ്നിയന്‍ സേനയ്ക്ക് വെടിക്കോപ്പുകളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും കുറവ് അനുഭവപ്പെട്ടിരുന്നു.
യുഎസില്‍നിന്നും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നുമുള്ള സൈനിക സഹായം വൈകുന്നത് കൂടുതല്‍ ആള്‍നാശത്തിനും റഷ്യയുടെ അധിനിവേശം വേഗത്തിലാകുന്നതിനും കാരണമാകുമെന്നും വിലയിരുത്തല്‍ ഉണ്ടായിരുന്നു. 2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യന്‍ അധിനിവേശത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ഇരുഭാഗത്തുനിന്നുമുള്ള സൈനികരാണ്. ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.