യുഎസിലുടനീളമുള്ള കോളേജ് കാമ്പസുകളില്‍ നടക്കുന്ന പാലസ്തീന് അനുകൂല പ്രതിഷേധങ്ങളെ അപലപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. പ്രതിഷേധക്കാര്‍ ”ആന്റിസെമിറ്റിക് ജനക്കൂട്ടം” ആണെന്നും അവര്‍ ലക്ഷ്യം വയ്ക്കുന്നത് ജൂത വിദ്യാര്‍ത്ഥികളെയും ഫാക്കല്റ്റികളെയുമാണെന്ന് നെതന്യാഹു പറഞ്ഞു. ”അമേരിക്കയിലെ കോളേജ് കാമ്പസുകളില്‍ സംഭവിക്കുന്നത് ഭയാനകമാണ്. മുന്‍നിര സര്‍വ്വകലാശാലകളെ ആന്റിസെമിറ്റിക് ജനക്കൂട്ടം കൈയടക്കി. അവര്‍ ഇസ്രായേലിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലും പാശ്ചാത്യ സമൂഹങ്ങളിലുടനീളവും യഹൂദ വിരുദ്ധതയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞ നെതന്യാഹു കൂടുതല്‍ നടപടിയെടുക്കാന്‍ സര്‍വകലാശാല അഡ്മിനിസ്ട്രേറ്റര്‍മാരോട് ആവശ്യപ്പെട്ടു.
ഇസ്രായേല്‍-ഹമാസ് യുദ്ധം യുഎസ് പ്രസിഡന്റ് ജോ ബൈഡന് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്നാരോപിച്ച് ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ദിവസങ്ങളായി വിവിധ കാമ്പസുകളില്‍ പ്രതിഷേധിക്കുന്നത്.
ന്യൂയോര്‍ക്ക് സര്‍വലാശാലയില്‍ 133 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റുചെയ്തു വിട്ടയച്ചു. ആറുദിവസമായി നടക്കുന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് കൊളംബിയ സര്‍വകലാശാലാ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. യേല്‍, കാലിഫോര്‍ണിയ സര്‍വകലാശാലകളിലും പ്രക്ഷോഭകരെ അറസ്റ്റുചെയ്തു.