Wednesday, November 27, 2024

തുറസായ സ്ഥലത്തെ പരിശോധനയില്‍ ഗവേഷകന് ലഭിച്ചത് 17ാം നൂറ്റാണ്ടില്‍ നിന്നുള്ള കുരിശ്

മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ ഒരു ഗവേഷകന്‍ പോളണ്ടില്‍ നിന്ന് കണ്ടെത്തിയത് നൂറ് കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള കുരിശ്. കിഴക്കന്‍ പോളണ്ടിലാണ് 17ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉപയോഗിച്ചിരുന്നുവെന്ന് കണക്കാക്കപ്പെടുന്ന കുരിശ് കണ്ടെത്തിയത്. പതിനേഴാം നൂറ്റാണ്ടില്‍ റഷ്യന്‍ സഭയില്‍ പിളര്‍പ്പിന് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗത്തിലുള്ള വിശ്വാസികള്‍ ഉപയോഗിച്ചിരുന്ന ഇനം കുരിശാണ് കണ്ടെത്തിയിട്ടുള്ളത്.

പിന്നീട് വന്ന സാര്‍ രാജാക്കന്മാര്‍ അവരുടെ ഭരണകാലത്ത് നിയമവിരുദ്ധമായ ചിഹ്നങ്ങളുടെ ഇനത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഈ കുരിശെന്നാണ് പുരാവസ്തു വിദഗ്ധര്‍ വിശദമാക്കുന്നത്. വാര്‍സോയില്‍ നിന്ന് 100 മൈല്‍ അകലെ നടന്ന പരിശോധനയിലാണ് ചെമ്പ് നിര്‍മ്മിതമായ കുരിശ് കണ്ടെത്തിയത്. ബൈബിളില്‍ ക്രിസ്തുവിനെ കുരിശില്‍ തറച്ചതായി വിശദമാക്കിയ അതേ രീതിയിലുള്ള കുരിശാണ് കണ്ടെത്തിയത്. ഒരു സെന്റിമീറ്ററോളം വീതിയാണ് ഈ കുരിശിനുള്ളത്.

കുരിശിന് പിന്നിലുള്ള എഴുത്തുകള്‍ റഷ്യയിലെ പഴയ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. 1650 കാലഘട്ടത്തിലെ ആരാധനക്രമ പരിഷ്‌കരണമാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ പിളര്‍പ്പുണ്ടാക്കിയത്. പഴയ രീതിയിലെ വിശ്വാസം പിന്തുടരുന്നവര്‍ ഭരണത്തിലുള്ളവരില്‍ നിന്ന് ഭിന്നിച്ചതോടെയാണ് ഇവര്‍ ഉപയോഗിച്ചിരുന്ന കുരിശ് അടക്കമുള്ള അടയാളങ്ങള്‍ക്ക് വിലക്ക് വന്നത്.

 

Latest News