Sunday, November 24, 2024

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പാലസ്തീന്‍ പതാക ഉയര്‍ത്തി വിദ്യാര്‍ഥികള്‍

അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പാലസ്തീന്‍ പതാക ഉയര്‍ത്തി വിദ്യാര്‍ഥികള്‍. യുഎസ് പതാകയോ സന്ദര്‍ശനം നടത്തുന്ന പ്രമുഖ വിദേശ രാജ്യങ്ങളുടെ പതാകകള്‍ക്കോ വേണ്ടി നീക്കിവച്ചിരിക്കുന്ന ജോണ്‍ ഹാര്‍വാര്‍ഡ് സ്റ്റാച്യുവിലായിരുന്നു ശനിയാഴ്ച പ്രതിഷേധ പ്രകടനം. അതേസമയം, അമേരിക്കയിലാകമാനം പടര്‍ന്നുപിടിക്കുന്ന പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളുടെ എണ്ണം 900 കടന്നു.

2024 ഏപ്രില്‍ 18ന് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധപ്രകടനം നടത്തിയ നൂറിലധികം വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്.

കൂടാതെ, ഇസ്രയേല്‍ സൈന്യവുമായി ബന്ധപ്പെട്ട കമ്പനികളിലെ യൂണിവേഴ്സിറ്റി ആസ്തികള്‍ വിറ്റഴിക്കണമെന്നും യുഎസ് സൈന്യം ഇസ്രായേലിന് നല്‍കുന്ന സഹായം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധങ്ങള്‍ സമാധാനപരമായി തുടരണമെന്ന അഭ്യര്‍ത്ഥന വൈറ്റ് ഹൗസ് ഞായറാഴ്ച പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ ഇസ്രായേലി അനുകൂലികളും പാലസ്തീന്‍ അനുകൂല പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജോണ്‍ ഹാര്‍വാര്‍ഡിന്റെ പ്രതിമയ്ക്ക് മുകളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പാലസ്തീന്‍ പതാക ഉയര്‍ത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ശേഷമായിരുന്നു സംഭവം. ഹാര്‍വാര്‍ഡ് പോലീസിന്റെ നിര്‍ദേശ പ്രകാരം, പതാക എടുത്തുമാറ്റിയെങ്കിലും പ്രതിഷേധം തുടരുകയാണ്. പാലസ്തീന്‍ പതാക നീക്കം ചെയ്യുമ്പോള്‍ ‘ഫ്രീ പലസ്തീന്‍’ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്നു. അതിനുപുറമെ ഒരു വിദ്യാര്‍ഥി അഴിച്ചുമാറ്റിയ പതാക തട്ടിയെടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പതാക ഉയര്‍ത്തിയത് സര്‍വകലാശാലാ നിയമങ്ങളുടെ ലംഘനമാണെന്നും അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ അച്ചടക്ക നടപടിക്ക് വിധേയരാകുമെന്നും ഹാര്‍വാര്‍ഡ് വക്താവ് പ്രതികരിച്ചു.

 

Latest News