പലസ്തീന് അനുകൂല പ്രക്ഷോഭം നടത്തിയവരെ സസ്പെന്‍ഡ് ചെയ്യാന്‍ ആരംഭിച്ച് അമേരിക്കയിലെ കൊളംബിയ സര്‍വകലാശാല. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന അന്ത്യശാസനം പ്രതിഷേധക്കാര്‍ അവഗണിച്ചതോടെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ സസ്പെന്ഷന് ആരംഭിച്ചത്.
”കാമ്പസില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അടുത്ത ഘട്ടത്തില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. കുറ്റകൃത്യത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി സര്‍വകലാശാലയ്ക്കുള്ളിലെ വിവിധ യൂണിറ്റുകളാണ് അച്ചടക്ക നടപടി തീരുമാനിക്കുന്നത്,’ യൂണിവേഴ്സിറ്റി വെബ്സൈറ്റിലെ ഒരു അപ്ഡേറ്റില്‍ വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ സംഘാടകരുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്ന് സര്‍വ്വകലാശാല പ്രസിഡന്റ് മിനൗഷെ ഷാഫിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണി വരെയായിരുന്നു സമരം നിര്‍ത്താനുള്ള അന്ത്യശാസനം നല്‍കിയിരുന്നത്.
ക്യാമ്പുകള്‍ നിര്‍മ്മിച്ച് പ്രതിഷേധം നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സര്‍വകലാശാല നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നു. പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അന്വേഷണത്തിനായി നിങ്ങളെ സസ്പെന്‍ഡ് ചെയ്യേണ്ടി വരുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ക്യാമ്പ് പൊളിക്കണമോ എന്നതു സംബന്ധിച്ച് നടത്തിയ വോട്ടെടുപ്പില്‍ വേണ്ട എന്നാണ് പ്രകടനം നടത്തുന്നവര്‍ പ്രതികരിച്ചതെന്ന് പ്രതിഷേധത്തിന്റെ സംഘാടകര്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം ക്യാമ്പുകള്‍ തകര്‍ക്കാനുള്ള ഏത് ശ്രമങ്ങളെയും തടയാന്‍ പ്രതിഷേധക്കാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഒരു മനുഷ്യ മതില് നിര്‍മ്മിച്ചിരിക്കുന്നത് കാണാം. പ്രതിഷേധക്കാര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ സര്‍വ്വകലാശാല അക്രമത്തിന്റെ വഴി കൂടുതലായി ഉപയോഗിക്കുന്നുവെന്നും ഇതിനോടുള്ള പ്രതികരണമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഗാസയില്‍ നടക്കുന്ന ഇസ്രായേല്‍ ക്രൂരതകളിലും അമേരിക്ക അതിന് നല്കുന്ന പിന്തുണയിലും പ്രതിഷേധിച്ചാണ് കൊളംബിയ അടക്കമുള്ള അമേരിക്കന്‍ ക്യാമ്പസുകളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്.