മണിപ്പൂരില്‍ സൈന്യത്തെ തടഞ്ഞ് മെയ്തി വിഭാഗത്തില്‍പെട്ട സ്ത്രീകള്‍. ആരംഭായ് ടെങ്കോള്‍ എന്ന സംഘടനയില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തിയ സൈനികരെയാണ് മെയ്തി വനിതകള്‍ തടഞ്ഞത്. ഇവരെപിരിച്ചു വിടുന്നതിനായി സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു.
മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് സംഭവം. ആരംഭായ് ടെങ്കോള്‍ എന്ന സംഘടന വ്യാപകമായി ആയുധങ്ങള്‍ ശേഖരിക്കുന്നു എന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍നിന്ന് ആയുധം പിടിച്ചെടുക്കാന്‍ സൈന്യം ഇവിടെ എത്തുകയായിരുന്നു.
എന്നാല്‍, മെയ്തി വിഭാഗത്തില്‍പെട്ട വനിതകള്‍ ഉള്‍പ്പെട്ട മെയ്രാ പയ്ബി എന്ന സംഘടനയില്‍പെട്ട വനിതകള്‍ സൈന്യത്തെ തടയുകയും സൈനിക വാഹനത്തിന് മുമ്പില്‍ കിടക്കുകയുമായിരുന്നു. സൈനിക വാഹനത്തിന്റെ മുമ്പില്‍ കിടന്നും വാഹനം തടഞ്ഞും പ്രതിഷേധിക്കുന്ന വനിതകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രാദേശികമായി നിര്‍മ്മിച്ച ആയുധങ്ങളും മറ്റും സംഘടനയില്‍നിന്ന് പിടിച്ചെടുത്ത് സൈന്യം തിരികെ പോകുമ്പോഴായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സൈന്യം ആകാശത്തേക്ക് വെടിവെച്ച് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. സംഘടനയില്‍ പെട്ട ചിലരെ സൈന്യം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതായും ആരോപണമുണ്ട്.