Sunday, November 24, 2024

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്; അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ ഇസ്രായേല്‍ നയങ്ങളില്‍ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

ഇന്നലെ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് 400 ഓളം സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം യൂണിവേഴ്‌സിറ്റി കാമ്പസില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. പല സര്‍വകലാശാലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. യുസിഎല്‍എ, വിസ്‌കോണ്‍സിന്‍ എന്നീ സര്‍വകലാശാലകളില്‍ പോലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

ഇതിനിടെ, ജൂതമത വിശ്വാസികള്‍ക്കെതിരെ വംശീയ അധിക്ഷേപം ചെറുക്കാനുള്ള നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 91 നെതിരെ 320 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ആന്റിസെമിറ്റിസം ബോധവത്കരണ ബില്‍ പാസാക്കിയത്.

 

Latest News