Sunday, November 24, 2024

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. 16 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരെയാണ് വിട്ടയച്ചത്. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍ അറിയിച്ചു. കപ്പല്‍ ജീവനക്കാരിയും മലയാളിയുമായ ആന്‍ ടെസയെ നേരത്തേ വിട്ടയച്ചിരുന്നു.

നിലവില്‍ വിട്ടയച്ചവരുടെ കൂട്ടത്തില്‍ മാനന്തവാടി സ്വദേശി പി വി ധനേഷ്, കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ്, പാലക്കാട് കേരളശേരി സ്വദേശി എസ് സുമേഷ് എന്നിവരുമുണ്ട്. കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.

ഇസ്രായേലുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പോര്‍ച്ചുഗീസ് പതാകയുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടയക്കുമെന്നും ജീവനക്കാര്‍ക്ക് കോണ്‍സുലാര്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേല്‍ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. 17 ഇന്ത്യക്കാരടക്കം 25 ക്രൂ അംഗങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ വിശദീകരിച്ചത്.

 

Latest News