സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 47 പേര്. 2020 ജനുവരി ഒന്ന് മുതല്‍ 2024 ജനുവരി 30 വരെയുള്ള കണക്കാണിത്. ഇക്കാലത്ത് 10.03 ലക്ഷം പേര്‍ക്ക് കടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 22 പേരുടെ മരണം പേ വിഷബാധമൂലമാണെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നു.
കോവിഡ് സമയത്തെ ആദ്യ ലോക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമാണ് തെരുവുനായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നതിനൊപ്പം ഹോട്ടല്‍ ഭക്ഷണം വാഹനങ്ങളില്‍ ഇരുന്ന് കഴിച്ചതിന്റെ ബാക്കി വഴിയരികില്‍ ഉപേക്ഷിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്. പെറ്റുപെരുകിയ നായ്ക്കള്‍ അക്രമാസക്തരായി. വന്ധ്യംകരണം ഉള്‍പ്പെടെ പാളി. ഇക്കാലയളവില്‍ അരുമ മൃഗങ്ങളെ വളര്‍ത്തുന്നവരും ഏറി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കടിയേറ്റത് തിരുവനന്തപുരത്തും മരിച്ചത് കൊല്ലത്തുമാണ്. അതേസമയം കോട്ടയം ഇടുക്കി ജില്ലകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെരുവുനായ ആക്രമണത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന് കമ്മിഷന് മുഖേനയാണ് നഷ്ടപരിഹാരം. എത്ര തുകയെന്ന് നിഷ്കര്‍ഷിച്ചിട്ടില്ല. ഇതിനായുള്ള അപേക്ഷകള്‍ കമ്മിഷന് മുന്നില്‍ കെട്ടിക്കിടക്കുകയാണ്. വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന വിവരമാണ് ഇത്.