നഗരമേഖലകളില്‍ തിരഞ്ഞെടുപ്പിനോട് കടുത്ത നിസംഗതയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. നിലവിലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ചില മെട്രോപൊളിറ്റന്‍ നഗരങ്ങളിലുണ്ടായ കുറഞ്ഞ പോളിങ് ശതമാനത്തില്‍ കമ്മീഷന് നിരാശ പ്രകടിപ്പിച്ചു. പോളിങ് ശതമാനത്തിലുണ്ടായ ഇടിവ് സംബന്ധിച്ച് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നഗരങ്ങളിലെ വോട്ടര്‍മാരെ കേന്ദ്രീകരിച്ച് പ്രചാരണങ്ങളെല്ലാം നടത്തിയിട്ടും അവര്‍ വോട്ടവകാശം വിനിയോഗിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ മാസം നിരവധി മെട്രോ നഗരങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ യോഗം ഡല്‍ഹിയില്‍ നടത്തിയിരുന്നു. അടുത്ത ഘട്ടങ്ങളില്‍ പോളിങ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ആദ്യഘട്ട വോട്ടെടുപ്പില്‍ നാല് ശതമാനവും രണ്ടാം ഘട്ടത്തില്‍ 3 ശതമാനവും പോളിങ് കുറഞ്ഞ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പ്രസ്താവന.