Monday, November 25, 2024

സമൂഹമാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുമുള്ള ആശയങ്ങള്‍, എഐ ഉപയോഗിച്ചുള്ള ഡീപ്‌ഫേക്കുകള്‍ എന്നിവയ്‌ക്കെതിരെ മുന്നറിയിപ്പ് നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് മണിക്കൂറിനുള്ളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യാജ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം പോസ്റ്റുചെയ്യുന്നതില്‍ നിന്ന് പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുക, പ്രചാരണങ്ങളില്‍ കുട്ടികളെ ഉപയോഗിക്കാതിരിക്കുക, അക്രമമോ, മൃഗങ്ങളെ ഉപദ്രവിക്കുന്നതോ ചിത്രീകരിക്കുന്നത് ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളുമുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കും ഒബിസികള്‍ക്കുമുള്ള ക്വാട്ട ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞുവെന്ന തരത്തിലുളള വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ നിര്‍ദ്ദേശം.

സാമൂഹ്യമാധ്യങ്ങളിലൂടെ ഇത്തരം കൃത്രിമവും വളച്ചൊടിച്ചതും എഡിറ്റ് ചെയ്തതുമായ ഉള്ളടക്കം ഉപയോഗിക്കുന്നത് വോട്ടര്‍മാരെ തെറ്റായി സ്വാധീനിക്കാനും സാമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ഇല്ലാതാക്കാനും കാരണമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 12 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

 

Latest News