ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രയോജനത്തിനായി നടത്തിയ വാര്‍ഷിക ധനസമാഹരണ പരിപാടിയായ മെറ്റ് ഗാല നടക്കുന്ന വേദിക്ക് പുറത്ത് മാര്‍ച്ച് നടത്തി പലസ്തീന്‍ അനുകൂലികള്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ സെലിബ്രിറ്റികള്‍ പോകുമ്പോഴായിരുന്നു പ്രതിഷേധം.
‘ഗാസയില്‍ ബോംബ് വീഴ്ത്തുമ്പോള്‍ മെറ്റ് ഗാല വേണ്ട’ എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇതില്‍ പലരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനെതിരെ യുഎസിലുടനീളമുള്ള പ്രധാന സര്‍വകലാശാലകളിലും കോളേജുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രകടനങ്ങള്‍ക്കിടയിലാണ് തിങ്കളാഴ്ച രാത്രി മെറ്റ് ഗാലയ്ക്ക് പുറത്ത് പ്രതിഷേധം നടന്നത്.
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് (എന്‍വൈപിഡി) അറസ്റ്റുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ആളുകളുടെ എണ്ണം പരാമര്‍ശിച്ചിട്ടില്ല. പ്രതിഷേധക്കാര്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതു സര്‍വകലാശാലയായ ഹണ്ടര്‍ കോളേജില്‍ നിന്നുള്ളവരാണെന്ന് എന്‍ബിസി ന്യൂസ് പറഞ്ഞു. വൈകുന്നേരം, ഒരു ചെറിയ കൂട്ടം പ്രതിഷേധക്കാര്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ ‘ഗാസയ്ക്ക് വിമോചനമില്ലാതെ ആഘോഷമില്ല’ എന്ന കാര്‍ഡ്‌ബോര്‍ഡ് ബാനറുകളുമായി ഒത്തുകൂടിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മെറ്റ് ഗാലയിലേക്ക് എത്തുന്ന പ്രതിഷേധക്കാരെ തടയാന്‍ ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് പലയിടങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. വൈകിട്ട് ആറരയോടെ പ്രമുഖര്‍ എത്തിത്തുടങ്ങിയതോടെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. തിങ്കളാഴ്ചയും ഒരു കൂട്ടം പ്രകടനക്കാര്‍ സെന്‍ട്രല്‍ പാര്‍ക്കിലെ ഒന്നാം ലോക മഹായുദ്ധത്തിന്റെ സ്മാരകം നശിപ്പിക്കുകയും ഒരു അമേരിക്കന്‍ പതാക കത്തിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ പകുതി മുതല്‍ ഇതുവരെ 2,400-ലധികം പേരെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്തിരിക്കുന്നത്.